കണ്ണൂർ: രാമന്തളി വടക്കുമ്പാട്ടെ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയും ബാങ്ക് ജീവനക്കാരനുമായ കെ. വിജയനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് എസ്.ഡി.പി.ഐ. പ്രവർത്തകർക്ക് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചു. വടക്കുമ്പാട് സ്വദേശികളായ ഹന്നൻ (36), മുഹമ്മദ് അബ്ദുള്ള (36), എം.പി. ഫൈസൽ (30) എന്നിവർക്ക് 18 വർഷം തടവും മൂന്ന് ലക്ഷം രൂപ വീതം പിഴയുമാണ് കോടതി വിധിച്ചത്.
ഐ.പി.സി. 307 വകുപ്പ് പ്രകാരം 10 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും, 326 വകുപ്പ് പ്രകാരം ഏഴ് വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, 323 വകുപ്പ് പ്രകാരം ഒരു വർഷം തടവും കോടതി വിധിച്ചു. ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകുന്നതിനാൽ 10 വർഷം കഠിനതടവ് അനുഭവിച്ചാൽ മതി. പ്രതികളിൽ നിന്ന് ഈടാക്കുന്ന ഒമ്പത് ലക്ഷം രൂപ പിഴ ആക്രമണത്തിനിരയായ കെ. വിജയന് നഷ്ടപരിഹാരമായി നൽകാനും കോടതി ഉത്തരവിട്ടു.
2017 സെപ്റ്റംബർ 26-ന് വൈകിട്ട് ഓണാഘോഷ പരിപാടി കഴിഞ്ഞ് ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനത്തിന്റെ വാടക നൽകാൻ എത്തിയ കെ. വിജയനെ സ്ഥാപനത്തിന് മുന്നിൽ നിൽക്കുന്നതിനിടെ ഒന്നാം പ്രതി വെട്ടുകയും മറ്റ് രണ്ട് പ്രതികൾ മർദിക്കുകയും ചെയ്തുവെന്നാണ് കേസ്. ആക്രമണത്തിൽ വിജയന് തലയ്ക്കും കാലിനും ഗുരുതര പരിക്കേറ്റിരുന്നു. പയ്യന്നൂർ പോലീസാണ് കേസ് അന്വേഷിച്ചത്. രാഷ്ട്രീയവിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ശിക്ഷ വിധിക്കവെ അമേരിക്കൻ എഴുത്തുകാരനായ ഐസക് അസിമോവിന്റെ “ആക്രമണം കഴിവുകെട്ടവന്റെ അവസാന അഭയമാണ്” എന്ന വാക്കുകൾ കോടതി ഉദ്ധരിച്ചു. അന്ധമായ രാഷ്ട്രീയശത്രുതയുടെ പേരിൽ പൊതുനിരത്തിൽ മാരകായുധങ്ങളുമായി ആക്രമണം നടത്തിയ പ്രതികൾ മാനവികതയെ വെല്ലുവിളിച്ചതാണെന്ന് കോടതി നിരീക്ഷിച്ചു. പരിഷ്കൃത സമൂഹത്തിൽ ഇത്തരം രാഷ്ട്രീയ ആക്രമണങ്ങൾക്ക് സ്ഥാനമില്ലെന്നും, ഇത്തരം കുറ്റകൃത്യങ്ങളിൽ അനാവശ്യ സഹതാപം കാണിക്കുന്നത് നീതിന്യായ വ്യവസ്ഥയോടുള്ള തെറ്റായ സമീപനമാണെന്നും വിധിയിൽ കോടതി ചൂണ്ടിക്കാട്ടി.




