പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ പ്രതിയാക്കാൻ തീരുമാനം. ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് നടപടി.
പി.എസ്. പ്രശാന്തിനൊപ്പം മുൻ ബോർഡ് അംഗം അജികുമാറിനെയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെയും പ്രതികളാക്കുമെന്നാണ് റിപ്പോർട്ട്. നെയ്യ് വിതരണവുമായി ബന്ധപ്പെട്ട ക്രമക്കേടിന് നേതൃത്വം നൽകിയതും ഇവരാണെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.
ഈ ഇടപാടിലൂടെ ദേവസ്വം ബോർഡിന് ഏകദേശം 2.3 കോടി രൂപയുടെ നഷ്ടമുണ്ടായതായും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. പി.എസ്. പ്രശാന്ത്, അജികുമാർ, മുരാരി ബാബു എന്നിവർ ശബരിമല സ്വർണക്കൊള്ള കേസിലും പ്രതികളാണ്.
ഇതിനിടെ, നെയ്യ് ക്രമക്കേട് കേസിൽ ക്രൈംബ്രാഞ്ചും അന്വേഷണം തുടരുകയാണ്. ദേവസ്വം സെക്രട്ടറി നടത്തിയ അന്വേഷണത്തിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. മിൽമയിൽ നിന്ന് ശബരിമലയിലേക്ക് നെയ്യ് എത്തിച്ച നടപടികളും പരിശോധിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
മിൽമയുടെ നെയ്യ് വിതരണത്തിൽ ഗുരുതര ക്രമക്കേട് നടന്നതായും ഒന്നര ലക്ഷം ലിറ്ററിലധികം നിലവാരമില്ലാത്ത നെയ്യ് ശബരിമലയിൽ എത്തിച്ചതായും ക്ഷീരവികസന വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.




