തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത. ഇന്ന് അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. ഈ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
നാളെ എട്ട് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലും ഇടിമിന്നലോട് കൂടിയ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.
സംസ്ഥാനത്ത് മഴയ്ക്കൊപ്പം കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്. തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൊഴിയൂർ വരെയുള്ള തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 1.2 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രമായ INCOIS അറിയിച്ചു.
കന്യാകുമാരി തീരത്തും ഇന്ന് രാത്രി 11.30 വരെ 1.3 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
കടലാക്രമണ സാധ്യത കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിൽ ഇറക്കുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
കള്ളക്കടൽ പ്രതിഭാസവും ഉയർന്ന തിരമാലകളും നിലനിൽക്കുന്ന സാഹചര്യത്തിൽ മത്സ്യബന്ധന യാനങ്ങൾ കടലിലേക്ക് ഇറക്കുന്നതുപോലെ തന്നെ തിരമാല ശക്തമായ സമയത്ത് യാനങ്ങൾ കരയ്ക്കടുപ്പിക്കുന്നതും അപകടകരമാണ്. അതിനാൽ ഇത്തരം സാഹചര്യങ്ങളിൽ കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഒഴിവാക്കണം.
INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരവും മറ്റ് പ്രവർത്തനങ്ങളും പൂർണമായും ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു.
മത്സ്യബന്ധന യാനങ്ങൾ ഹാർബറുകളിൽ സുരക്ഷിതമായി കെട്ടിയിടണം. വള്ളങ്ങൾ തമ്മിൽ മതിയായ അകലം പാലിക്കുകയും മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും വേണം.
ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കണമെന്നും തീരശോഷണ സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.


