മലപ്പുറം: മുഖ്യമന്ത്രിയുടെ ഇസ്‌ലാം വിരുദ്ധ പരാമർശം പിൻവലിച്ച് മുസ്‌ലിം സമൂഹത്തോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് എ.പി. സമസ്തയുടെ ബഹുജന സംഘടനയായ കേരള മുസ്‌ലിം ജമാഅത്ത്. കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റിയാണ് ആവശ്യമുന്നയിച്ച് പ്രസ്താവന പുറത്തിറക്കിയത്.
ഇസ്‌ലാമിക ചരിത്രത്തെയും സംഭവങ്ങളെയും തെറ്റായി വ്യാഖ്യാനിച്ച്, സന്ദർഭം പോലും മനസ്സിലാക്കാതെ പരസ്യമായി പ്രസ്താവന നടത്തുന്നത് മുഖ്യമന്ത്രിയുടെ പദവിക്ക് യോജിച്ചതല്ലെന്ന് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.
വിശുദ്ധ ഖുർആൻ, പ്രവാചകൻ, ഇസ്‌ലാമിക ചരിത്രം എന്നിവ ശരിയായ രീതിയിൽ പഠിച്ച് മനസ്സിലാക്കാൻ വായനാപ്രിയനെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി തയ്യാറാകണമെന്നും സംഘടന ആവശ്യപ്പെട്ടു. വിവാദ പരാമർശം പിൻവലിച്ച് മുസ്‌ലിം സമൂഹത്തോട് മാപ്പ് പറയണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ സ്ത്രീ വിരുദ്ധമെന്ന് വിമർശിക്കപ്പെട്ട പ്രസ്താവനയെക്കുറിച്ച് മുഖ്യമന്ത്രി നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു. സ്ത്രീകൾ വീടുകളിൽ അടങ്ങിയൊതുങ്ങി കഴിയേണ്ടവരല്ലെന്നും കാന്തപുരത്തിന്റെ പ്രസ്താവനയോട് ഒരുതരത്തിലും യോജിക്കാനാകില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
19-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങൾ 21-ാം നൂറ്റാണ്ടിലും പറയുകയാണെന്നും മുഖ്യമന്ത്രി വിമർശിച്ചിരുന്നു. പ്രസ്താവനയോട് സർക്കാരിനോ പാർട്ടിക്കോ യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കാന്തപുരം ഇസ്‌ലാമിനെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. പ്രവാചകന്റെ ആദ്യ ഭാര്യ ഖദീജ ബിസിനസുകാരിയായിരുന്നുവെന്നും മറ്റൊരു ഭാര്യയായ ആയിഷ യുദ്ധത്തിൽ സൈന്യാധിപയായി പങ്കെടുത്തിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, ഇസ്‌ലാമിക ചരിത്രത്തിലെ സ്ത്രീകളുടെ പങ്കും മുന്നേറ്റവും പരാമർശിച്ചിരുന്നു.


