തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുകയാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ഹിമാചൽ പ്രദേശ് സർക്കാർ വാഗ്ദാനം ചെയ്ത 250 മെഗാവാട്ട് വൈദ്യുതി പകൽ സമയത്ത് മാത്രമാണ് ലഭിക്കുക എന്നതിനാൽ കേരളത്തിന് വലിയ പ്രയോജനം ലഭിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.
പകൽ സമയത്ത് വൈദ്യുതി ലഭ്യമാക്കുന്നത് നിലവിലെ പ്രതിസന്ധിക്ക് പൂർണ പരിഹാരമാകില്ലെന്നും വൈകുന്നേരവും രാത്രിയിലുമുള്ള ഉയർന്ന വൈദ്യുതി ഉപഭോഗം നേരിടുന്നതിനുള്ള സംവിധാനമാണ് ആവശ്യമെന്നും മന്ത്രി പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ വൈദ്യുതി നിയന്ത്രണം തുടരുമെന്നും പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്താകെ വൈദ്യുതിയുടെ ആവശ്യകത ഉയർന്നതോടെ ലഭ്യത കുറഞ്ഞതാണ് സംസ്ഥാനത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് വിലയിരുത്തൽ. നിലവിൽ വൈകിട്ട് 6.15 മുതൽ രാത്രി 12.45 വരെയാണ് ലോഡ് ഷെഡ്ഡിങ്.
അതേസമയം, പ്രതിസന്ധി മറികടക്കാൻ അടുത്ത മാസം മുതൽ ഡിസംബർ വരെ അധിക വൈദ്യുതി വാങ്ങുന്നതിനായി കെഎസ്ഇബി ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. അടുത്ത മാസം പീക്ക് സമയത്തേക്ക് 600 മെഗാവാട്ടിനും രാത്രി 12 മുതൽ രാവിലെ വരെ 900 മെഗാവാട്ടിനുമാണ് ടെൻഡർ. രാവും പകലുമായി 300 മെഗാവാട്ടിനും ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.
അടുത്ത മാസം പീക്ക് സമയത്തേക്ക് 588 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിന് രണ്ട് ഘട്ടങ്ങളിലായി കമ്മീഷൻ അനുമതി നൽകിയിട്ടുണ്ട്. ഇതിന് പുറമെ 200 മെഗാവാട്ട് വൈദ്യുതി കൂടി വാങ്ങുന്നതിനുള്ള അനുമതിയും നൽകിയിരുന്നു. ആവശ്യമായ വൈദ്യുതി ലഭിച്ചാൽ നിലവിലെ പ്രതിസന്ധി ഒരു പരിധിവരെ മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് കെഎസ്ഇബി.
അതേസമയം, റിപ്പോർട്ടർ ടിവിയിലെ പൊലീസ് റെയ്ഡുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. വിഷയത്തിൽ മുഖ്യമന്ത്രി പറഞ്ഞതാണ് തനിക്ക് പറയാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.












