തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയെ തുടർന്നുള്ള സാഹചര്യം നിയന്ത്രണവിധേയമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയതായും അദ്ദേഹം പറഞ്ഞു. രക്ഷാപ്രവർത്തനത്തിനായി രണ്ട് ഹെലികോപ്റ്ററുകൾ എത്തിയിട്ടുണ്ട്. എൻഡിആർഎഫ്, പൊലീസ്, ഫയർഫോഴ്‌സ് തുടങ്ങിയ സേനകൾ രക്ഷാപ്രവർത്തനത്തിന് സജ്ജമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് നിലവിൽ 316 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 11,018 പേർ ക്യാമ്പുകളിൽ കഴിയുന്നുണ്ട്. ക്യാമ്പുകളിൽ ആവശ്യമായ ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. മഴക്കെടുതിയിൽ ഇതുവരെ 15 പേർ മരിച്ചതായും ഏഴ് പേരെ കാണാതായതായും മുഖ്യമന്ത്രി പറഞ്ഞു. പ്രാഥമിക കണക്കുകൾ പ്രകാരം 165 ഹെക്ടർ കൃഷി നശിച്ചിട്ടുണ്ട്.
പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് നിലവിൽ സുരക്ഷിതമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അണക്കെട്ടുകളിൽ നിന്ന് വെള്ളം തുറന്നുവിടുന്നുവെന്ന പ്രചാരണങ്ങൾ തെറ്റാണെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കടലാക്രമണ സാധ്യതയുള്ള പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത പുലർത്തുന്നുണ്ട്. മഴക്കെടുതിയിൽ മരിച്ചവരുടെ സംസ്കാര ചടങ്ങുകൾക്കായി 10,000 രൂപ സഹായം നൽകും. വീടുകളിൽ വെള്ളം കയറിയവർക്ക് അടിയന്തര സഹായമായി 10,000 രൂപയും ജീവനോപാധി നഷ്ടപ്പെട്ടവർക്ക് പ്രതിസന്ധി അവസാനിക്കുന്നതുവരെ ദിവസേന 300 രൂപ ധനസഹായവും നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.


