തിരുവനന്തപുരം: കേരളത്തെ ദക്ഷിണേഷ്യയിലെ മികച്ച വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ. പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് കേരളം വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെങ്കിലും ഉന്നതവിദ്യാഭ്യാസ മേഖലയിൽ കൂടുതൽ മുന്നേറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോകനിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കുറവ് കാരണം കേരളത്തിലെ വിദ്യാർത്ഥികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് പഠനത്തിനായി പോകുന്ന സാഹചര്യം മാറണം. പകരം മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ കേരളത്തിലേക്ക് പഠിക്കാനെത്തുന്ന സാഹചര്യം ഉണ്ടാകണമെന്നും മന്ത്രി വ്യക്തമാക്കി.
ലുധിയാന, മംഗളൂരു, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് നിരവധി മലയാളി വിദ്യാർത്ഥികളാണ് പഠനത്തിനായി പോകുന്നത്. ലുധിയാനയിൽ മാത്രം ഏഴായിരത്തോളം മലയാളി വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി മലയാളികൾ വലിയ തുകയാണ് മറ്റ് സംസ്ഥാനങ്ങളിൽ ചെലവഴിക്കുന്നത്. ഈ സാഹചര്യം മാറേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
കാലാനുസൃതമായി കോഴ്സുകൾ പരിഷ്കരിക്കാത്തതാണ് കേരളത്തിലെ പല കോളേജുകളിലും സീറ്റുകൾ ഒഴിഞ്ഞുകിടക്കാൻ കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ വിഷയങ്ങൾ പഠനത്തിന്റെ ഭാഗമാക്കണം. ഇതിനായി 50 കോളേജുകളിൽ പുതിയ കോഴ്സുകൾ അനുവദിച്ചിട്ടുണ്ട്. അടുത്ത അധ്യയന വർഷം മുതൽ സിലബസ് പരിഷ്കരിക്കാനും സർക്കാർ ലക്ഷ്യമിടുന്നു.
അധ്യാപകർക്ക് എഐ പരിശീലനം നൽകുന്നതിനായി ‘മിഷൻ എഐ ഗുരു’ പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. അക്കാദമിക് കലണ്ടർ കൃത്യമായി നടപ്പാക്കുകയും അധ്യാപകരുടെ അനാവശ്യ ജോലികൾ കുറച്ച് പഠനത്തിന് കൂടുതൽ സമയം ഉറപ്പാക്കുകയും ചെയ്യും.
സ്വകാര്യ, വിദേശ സർവകലാശാലകൾ കേരളത്തിൽ ആരംഭിക്കുന്നതിനും സർക്കാർ പദ്ധതിയിടുന്നുണ്ട്. വിദ്യാർത്ഥികൾക്ക് സംവരണവും ഫീസ് നിയന്ത്രണവും ഉറപ്പാക്കിയാകും ഇവയ്ക്ക് അനുമതി നൽകുക. വിദഗ്ധ സമിതിയുടെ പരിശോധനയ്ക്ക് ശേഷമായിരിക്കും സർവകലാശാലകൾക്ക് അംഗീകാരം നൽകുക. കേരള നോളജ് വാലിക്കായി സ്വകാര്യ സംരംഭകർക്ക് വിപണി വില നിശ്ചയിച്ചായിരിക്കും ഭൂമി നൽകുക. സൗജന്യമായി ഭൂമി നൽകുമെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും മന്ത്രി വ്യക്തമാക്കി.
കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട വിഷയത്തിലും മന്ത്രി പ്രതികരിച്ചു. വിദ്യാർത്ഥികൾ പരീക്ഷ എഴുതരുതെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടില്ലെന്നും ക്യാമ്പസിലെ അച്ചടക്കവും സമാധാനവും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ക്യാമ്പസിൽ ഇനി അക്രമം നടത്തില്ലെന്ന് ഉറപ്പുനൽകുന്ന സത്യവാങ്മൂലമാണ് സർവകലാശാല ആവശ്യപ്പെട്ടതെന്നും മന്ത്രി വിശദീകരിച്ചു.


