തിരുവനന്തപുരം: കേരളത്തിലെ കാർഷിക മേഖലയിൽ ശാസ്ത്രീയവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് എല്ലാ കർഷകരുടെയും കൃഷിഭൂമിയിലെ മണ്ണ് ഡിജിറ്റലായി പരിശോധിക്കുന്ന സമഗ്ര പദ്ധതി നടപ്പാക്കുമെന്ന് കൃഷി മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു.
സംസ്ഥാനത്തെ എല്ലാ മണ്ണ് പരിശോധനാ ലാബുകളെയും ഡിജിറ്റൽ സംവിധാനത്തിലൂടെ ബന്ധിപ്പിക്കുമെന്നും, ഓരോ കർഷകന്റെയും ഭൂമിയിലെ മണ്ണിന്റെ ഗുണനിലവാരം ശാസ്ത്രീയമായി വിലയിരുത്തി അതത് വിളകൾക്ക് ആവശ്യമായ വളവും പരിപാലന രീതികളും കൃത്യമായി നിർദേശിക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷയെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
പ്രളയം, വരൾച്ച തുടങ്ങിയ പ്രകൃതിക്ഷോഭങ്ങൾ കൃഷിഭൂമിയുടെ ഫലഭൂയിഷ്ഠതയെ ബാധിക്കുന്ന സാഹചര്യത്തിൽ, നഷ്ടം ശാസ്ത്രീയമായി വിലയിരുത്തി മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള പ്രത്യേക സംവിധാനവും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. ഇതിലൂടെ കർഷകർക്ക് മികച്ച വിളവും കൂടുതൽ ഉൽപാദനക്ഷമതയും ഉറപ്പാക്കാനാകുമെന്നാണ് വിലയിരുത്തൽ.
ഭക്ഷ്യസുരക്ഷയും പൊതുജനാരോഗ്യവും മുൻനിർത്തിയാണ് കാർഷിക മേഖലയിൽ ഇത്തരം പരിഷ്കാരങ്ങൾ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. സർക്കാർ ലാബുകളിൽ നടത്തിയ പരിശോധനയിൽ പരിശോധിച്ച 1,268 പച്ചക്കറി സാമ്പിളുകളിൽ 51 എണ്ണത്തിൽ അനുവദനീയ പരിധിയേക്കാൾ കൂടുതലായി കീടനാശിനിയുടെ അംശം കണ്ടെത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. സുരക്ഷിത ഭക്ഷ്യ ഉൽപാദനം ഉറപ്പാക്കാൻ മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുന്നത് നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുവതലമുറയെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുന്നതിനായി ‘കതിർ’ എന്ന പേരിൽ പുതിയ പദ്ധതിയും സർക്കാർ നടപ്പാക്കും. ‘Kerala Agriculture Technology Heritage and Innovation for Rural Understanding’ എന്നതിന്റെ ചുരുക്കപ്പേരാണ് ‘കതിർ’.
വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ‘കതിർ ക്ലബ്ബുകൾ’ രൂപീകരിക്കും. കൃഷിപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് വെയിറ്റേജ് മാർക്ക് നൽകുന്നതിനുള്ള സംവിധാനവും ഒരുക്കും. കുട്ടികളിൽ കാർഷിക അവബോധം വളർത്തുകയും ഭാവിയിൽ കൃഷിയെ ഒരു വരുമാന മാർഗമായി കാണാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.




