തിരുവനന്തപുരം: കശുവണ്ടി വികസന കോർപ്പറേഷനുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ഉദ്യോഗസ്ഥരുടെ വീഴ്ചയെ ഡയറക്ടർ ബോർഡിന്റെ വീഴ്ചയായി ചിത്രീകരിച്ച് തങ്ങളെ പ്രതിയാക്കാൻ ആസൂത്രിത ശ്രമം നടന്നുവെന്ന് കോർപ്പറേഷൻ മുൻ ചെയർമാനും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റുമായ ആർ. ചന്ദ്രശേഖരൻ ആരോപിച്ചു.
കോർപ്പറേഷനിലെ എല്ലാ സുപ്രധാന തീരുമാനങ്ങളും ഡയറക്ടർ ബോർഡിന്റെ കൂട്ടായ തീരുമാനങ്ങളായിരുന്നുവെന്നും, ഏകകണ്ഠമായി എടുത്ത തീരുമാനങ്ങൾക്ക് ചെയർമാനെ മാത്രം ഉത്തരവാദിയാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. നാല് ട്രേഡ് യൂണിയൻ പ്രതിനിധികളും സർക്കാർ സെക്രട്ടറിമാരും ഉൾപ്പെട്ട ബോർഡാണ് തീരുമാനങ്ങൾ കൈക്കൊണ്ടിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2008-ൽ നൽകിയ പരാതിയെ തുടർന്ന് അന്നത്തെ സർക്കാർ ധനവകുപ്പിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിയിരുന്നുവെന്നും, പിന്നീട് തയ്യാറാക്കിയ ചില റിപ്പോർട്ടുകൾ വിഷയത്തെ “അന്താരാഷ്ട്ര കൊള്ള” എന്ന രീതിയിൽ ചിത്രീകരിച്ചുവെന്നും ചന്ദ്രശേഖരൻ ആരോപിച്ചു.
കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും, അന്വേഷണം സുതാര്യമായി നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. തെറ്റ് ചെയ്തതായി തെളിഞ്ഞാൽ നിയമനടപടി നേരിടാൻ തയ്യാറാണെന്നും, പ്രോസിക്യൂഷൻ അനുമതി തടയാൻ ആരെയും സമീപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റായി തുടരണമോയെന്നത് സംഘടന തീരുമാനിക്കേണ്ട വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിൽ സി.ബി.ഐയ്ക്ക് സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകിയത്. ആർ. ചന്ദ്രശേഖരനും കോർപ്പറേഷന്റെ മുൻ മാനേജിങ് ഡയറക്ടർ കെ.എ. രതീഷുമാണ് കേസിലെ പ്രതികൾ.
സി.ബി.ഐയ്ക്ക് പ്രോസിക്യൂഷൻ അനുമതി നൽകിയതായി വ്യവസായ വകുപ്പിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ ഹൈക്കോടതിയെ അറിയിച്ചെങ്കിലും, അനുമതി ഉത്തരവിന്റെ പകർപ്പ് ഹാജരാക്കാൻ സർക്കാരിന് കഴിഞ്ഞിരുന്നില്ല. ഇതിനെ തുടർന്ന് ഉത്തരവ് അടുത്ത ബുധനാഴ്ച നേരിട്ട് സമർപ്പിക്കാൻ ഹൈക്കോടതി സമയം അനുവദിച്ചു.
കൊല്ലം സ്വദേശിയായ ഐഎൻടിയുസി നേതാവ് കടകംപള്ളി മനോജ് നൽകിയ കോടതിയലക്ഷ്യ ഹർജിയും, കോടതിയലക്ഷ്യ നടപടികൾ നേരിടുന്ന വ്യവസായ വകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിന്റെ മാപ്പപേക്ഷയും അടുത്ത ബുധനാഴ്ച കോടതി വീണ്ടും പരിഗണിക്കും.






