കോട്ടയം: ഐക്യരാഷ്‌ട്ര സഭ അന്താരാഷ്‌ട്ര വനിത കര്‍ഷക വര്‍ഷമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ കിസാന്‍ സര്‍വീസ് സൊസൈറ്റി മണ്ണിന്‍റെ മകള്‍ എന്ന പേരില്‍ വനിതാ കര്‍ഷക വര്‍ഷാചരണം സംഘടിപ്പിക്കും. ഭക്ഷ്യസുരക്ഷ, കാര്‍ഷിക സുസ്ഥിരത, ഗ്രാമീണ ഉപജീവനം എന്നിവയില്‍ വനിതാ കര്‍ഷകര്‍ വഹിക്കുന്ന നിര്‍ണായക പങ്ക് സമൂഹത്തിലും നയരംഗത്തും മുന്നോട്ട് കൊണ്ടുവരികയാണ് ലക്ഷ്യം.
ഭൂമി, ധനസഹായം, സാങ്കേതിക വിദ്യ, വിപണി, നയപരമായ അസമത്വങ്ങള്‍ എന്നിവ നേരിടുന്ന വനിതാ കര്‍ഷകരെ പഞ്ചായത്ത് തലത്തില്‍നിന്നുതന്നെ തിരിച്ചറിയുകയും സംഘടിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് പദ്ധതി. പഞ്ചായത്ത്, ജില്ല, സംസ്ഥാനം, ദേശീയ തലങ്ങളില്‍ മികച്ച അംഗങ്ങളെ ആദരിക്കും.
വനിതാ കര്‍ഷകരുടെ വിവരശേഖരണം, സംഗമങ്ങള്‍, അനുഭവങ്ങള്‍ പങ്കിടല്‍, പരിശീലനങ്ങള്‍, പ്രദര്‍ശനങ്ങള്‍, കര്‍ഷകസമ്മേളനം, ചര്‍ച്ചകള്‍ എന്നിവ സംഘടിപ്പിക്കും. കോട്ടയത്തു നടന്ന പത്രസമ്മേളനത്തില്‍ ജോയി മൂക്കന്‍തോട്ടം, ജനറല്‍ സെക്രട്ടറി ബി. ജയകുമാര്‍, ജില്ലാ പ്രസിഡന്‍റ് അജിത് വര്‍മ എന്നിവര്‍ പങ്കെടുത്തു.










