വടകര:വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ കെ.കെ രമ തന്നെ ആർഎംപിഐ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എൻ. വേണു അറിയിച്ചു. യുഡിഎഫ് പിന്തുണയോടെയാണ് രമ ഇത്തവണയും പോരാട്ടത്തിനിറങ്ങുന്നത്. കഴിഞ്ഞ തവണ എണ്ണായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച രമ, ഇത്തവണ കൂടുതൽ കരുത്തോടെ മണ്ഡലം നിലനിർത്തുമെന്നാണ് പാർട്ടി പ്രതീക്ഷിക്കുന്നത്. വടകര ഒഴികെയുള്ള മറ്റ് മണ്ഡലങ്ങളിൽ യുഡിഎഫ് സ്ഥാനാർത്ഥികളെ പിന്തുണയ്ക്കാനാണ് ആർഎംപിഐ തീരുമാനം. ഇതിനിടെ തിരുവനന്തപുരം കോവളത്ത് മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഭഗത് റൂഫസ് എൽഡിഎഫ് പൊതുസ്വതന്ത്രനായി മത്സരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
സിപിഎമ്മിനെയും ബിജെപിയെയും പരാജയപ്പെടുത്തുകയാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് സ്ഥാനാർത്ഥി പ്രഖ്യാപന വേളയിൽ എൻ. വേണു വ്യക്തമാക്കി. സിപിഎം നിലവിൽ വലിയ ആഭ്യന്തര പ്രതിസന്ധിയിലാണെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ വരെ ഗുരുതര ആരോപണങ്ങൾ ഉയരുന്നത് ഇതിന് തെളിവാണെന്നും അദ്ദേഹം വിമർശിച്ചു. ആർഎംപിഐ വർഷങ്ങളായി ഉന്നയിക്കുന്ന കാര്യങ്ങൾ ഇപ്പോൾ കണ്ണൂരിലെ നേതാക്കൾ തന്നെ തുറന്നു പറയുകയാണെന്നും വി. കുഞ്ഞികൃഷ്ണനെപ്പോലെയുള്ള യഥാർത്ഥ കമ്മ്യൂണിസ്റ്റുകളെ ആർഎംപിഐ ചേർത്തുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടി.പി. ചന്ദ്രശേഖരൻ രക്തസാക്ഷി ദിനമായ മെയ് നാലിന് നടക്കുന്ന ജനവിധി പിണറായി സർക്കാരിന്റെ അന്ത്യകൂദാശയായി മാറുമെന്നും വേണു കൂട്ടിച്ചേർത്തു.






