കൊച്ചി: കൊച്ചി മെട്രോയുടെ പേര് മാറ്റുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മാധ്യമങ്ങളിലെ വാർത്തകളിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്നും ഇതുസംബന്ധിച്ച് സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു ആലോചനയും നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കെഎംആർഎല്ലിന്റേത് ഏകപക്ഷീയമായ പത്രക്കുറിപ്പായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പറവൂരിൽ പുനർജനി പദ്ധതിയുടെ ഭാഗമായി വീടിന് തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുക്കവെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
സർക്കാർ എപ്പോഴും ജനങ്ങൾക്കൊപ്പമാണെന്നും ക്ഷേമ പെൻഷനുകൾ നേരത്തെ തന്നെ വിതരണം ചെയ്യുമെന്നും സതീശൻ വ്യക്തമാക്കി. മെസ്സി വിവാദവുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ ഉടൻ അന്തിമ തീരുമാനമുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വീണാ വിജയനെതിരായ ഇഡി ആരോപണങ്ങളിൽ, അന്വേഷണം നടക്കുന്നതിനാൽ താൻ പ്രതികരിക്കുന്നത് ഉചിതമല്ലെന്നും വിഷയത്തിൽ ഉൾപ്പെട്ടവർ തന്നെ മറുപടി പറയട്ടെയെന്നും സതീശൻ പറഞ്ഞു. പ്രതികരിക്കേണ്ട ഇടതുപക്ഷത്തിന്റെ പറയുന്നതും ചെയ്യുന്നതും തമ്മിൽ വ്യത്യാസമുണ്ടെന്നും ഇക്കാര്യങ്ങൾ ജനങ്ങൾക്ക് മനസ്സിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുനർജനി കേസിൽ മുൻ സർക്കാർ തനിക്ക് ക്ലീൻ ചിറ്റ് നൽകിയതാണെന്നും അതുണ്ടാകുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും സതീശൻ പറഞ്ഞു. അന്വേഷണം നടത്തി ഒന്നും കണ്ടെത്താനാകാത്തതിനെ തുടർന്നാണ് ക്ലീൻ ചിറ്റ് നൽകിയത്. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് തനിക്കെതിരെ പ്രചാരണം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. പുനർജനി പദ്ധതിയുടെ ഭാഗമായി ഇതുവരെ നൂറ്റൻപതോളം വീടുകളുടെ നിർമാണം പൂർത്തിയായിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.











