കൊല്ലം: കൊല്ലത്ത് ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്‌സൈറ്റുകൾക്ക് വിറ്റെന്ന പരാതിയിൽ അന്വേഷണം തുടരുന്നതിനിടെ, നാല് വയസുകാരിയായ മകളുടെ മൊഴി വീണ്ടും രേഖപ്പെടുത്താൻ പൊലീസ്. കുട്ടിക്ക് കൗൺസിലിംഗ് നൽകിയ ശേഷമാകും മൊഴി രേഖപ്പെടുത്തുക. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്‌സോ നിയമപ്രകാരം കേസെടുക്കുന്നതുൾപ്പെടെയുള്ള തുടർനടപടികൾ പരിഗണിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി സംസ്ഥാന പൊലീസ് മേധാവിയെ സമീപിച്ചിരുന്നു. നാല് വയസുകാരിയായ മകൾക്ക് മുന്നിൽ ഭർത്താവ് ലൈംഗിക വൈകൃതം കാട്ടിയെന്ന് അമ്മ മൊഴി നൽകിയിട്ടും പോക്‌സോ കേസ് ചുമത്തിയില്ലെന്നായിരുന്നു പരാതി. കുട്ടിയുടെ കൗൺസിലിംഗിന് ശേഷം മൊഴി രേഖപ്പെടുത്തി, അതിന്റെ അടിസ്ഥാനത്തിലാകും പോക്‌സോ വകുപ്പ് ചുമത്തുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുകയെന്ന് പൊലീസ് അറിയിച്ചു. കുട്ടിക്ക് മുന്നിൽ പ്രതി ലൈംഗിക വൈകൃതം കാട്ടിയെന്ന ആരോപണം പരാതിക്കാരി പുറത്തുവിട്ട ഓഡിയോ സംഭാഷണങ്ങളിലും വ്യക്തമാണെന്നാണ് കുടുംബത്തിന്റെ വാദം.
അതേസമയം, കേസിൽ പോക്‌സോ ചുമത്താത്തതിനെതിരെ കൂടുതൽ നിയമനടപടികളിലേക്ക് നീങ്ങാനാണ് പരാതിക്കാരിയുടെ തീരുമാനം. ഹൈക്കോടതിയെ സമീപിക്കുമെന്ന് യുവതി അറിയിച്ചു. ഇതിനായി അഭിഭാഷകനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അന്വേഷണം ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകുമെന്നും കുടുംബം വ്യക്തമാക്കി. പ്രതിക്കെതിരെ പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
കിടപ്പുമുറിയിൽ നിന്നുള്ള സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് പകർത്തി അശ്ലീല വെബ്‌സൈറ്റുകൾക്ക് വിറ്റുവെന്ന പരാതിയിൽ കൂടുതൽ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രതി സ്വന്തം അമ്മയുടേതടക്കം ചില സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ പകർത്തി ഫോണിൽ സൂക്ഷിച്ചിരുന്നതായും യുവതി പൊലീസിന് നൽകിയ പരാതിയിൽ ആരോപിക്കുന്നു. പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം തുടരുകയാണ്.
കഴിഞ്ഞ ദിവസം മകളുടെ മുന്നിൽ വെച്ച് ഭർത്താവ് ലൈംഗിക വൈകൃതം കാട്ടിയെന്നും ഇക്കാര്യം വീട്ടുകാരോട് പറഞ്ഞതിനെ തുടർന്ന് പ്രകോപിതനായ പ്രതി തന്നെ ആക്രമിച്ചെന്നും യുവതി ആരോപിച്ചു. ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയും താക്കോൽക്കൂട്ടം ഉപയോഗിച്ച് ദേഹമാസകലം മർദിക്കുകയും ചെയ്തതായാണ് പരാതി. പരിക്കേറ്റ യുവതി നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വിദേശത്ത് കഴിയുന്നതിനിടെയാണ് ഭർത്താവ് തന്റെ സ്വകാര്യ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയതെന്നും യുവതി പറയുന്നു. കൗൺസിലിംഗ് നൽകുന്നതിനായി ഭർത്താവിനെ നാട്ടിലേക്ക് കൊണ്ടുവന്നെങ്കിലും കൗൺസിലിംഗിന് നിർബന്ധിച്ചപ്പോഴും മർദിച്ചെന്നാണ് ആരോപണം. ഭർത്താവിന് പങ്കാളികളെ പരസ്പരം പങ്കിടുന്ന സംഘങ്ങളുമായി ബന്ധമുണ്ടെന്നും യുവതി ആരോപിച്ചിട്ടുണ്ട്. പരാതിയിൽ പൊലീസ് അന്വേഷണം തുടരുന്നതിനിടെ യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.


