കൊല്ലം: കൊല്ലം സ്വദേശിയായ പ്രവാസിയെ ഒമാനിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാത്തന്നൂർ മീനാട് നെടുങ്ങോലം കുഞ്ഞൻപിള്ള മന്ദിരത്തിൽ രാമഭദ്രൻ (56) ആണ് മരിച്ചത്.
വെള്ളിയാഴ്ച മുതൽ താമസസ്ഥലത്ത് നിന്ന് കാണാതായിരുന്നു. രണ്ടു ദിവസമായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ഞായറാഴ്ച ആർ.ഒ.പിയിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സമൈലിലെ സെൻട്രൽ ജയിലിലേക്ക് പോകുന്ന വഴിയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഏകദേശം മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം.
15 വർഷമായി സമൈലിലെ ലിസൂക്കിൽ ഓട്ടോമൊബൈൽ മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പരേതരായ പത്മനാഭപിള്ള–ചെല്ലമ്മ ദമ്പതികളുടെ മകനാണ് രാമഭദ്രൻ. ഭാര്യ: ബിന്ദു. മക്കൾ: അഞ്ജന, അഖിൽ.




