വയനാട്: സുല്‍ത്താന്‍ ബത്തേരിയില്‍ വന്‍ ലഹരി വേട്ട. 64 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. കോഴിക്കോട് പരപ്പന്‍പൊയില്‍ സ്വദേശി സനീഷ് കുമാര്‍ (30) ആണ് അറസ്റ്റിലായത്. കര്‍ണാടകയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ സുല്‍ത്താന്‍ ബത്തേരിയിലേക്ക് വരുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പൊലീസും ചേര്‍ന്നാണ് പരിശോധന നടത്തിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോട്ടക്കുന്നില്‍ വെച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ശരീരത്തില്‍ ലഹരി ഒളിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമായി. ആശുപത്രിയില്‍ നടത്തിയ സ്‌കാനിംഗില്‍ വയറ്റിനുള്ളില്‍ ലഹരി പാക്കറ്റ് കണ്ടെത്തുകയായിരുന്നു. പിടിച്ചെടുത്ത എംഡിഎംഎ മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചതായും പൊലീസ് അറിയിച്ചു. തുടര്‍ന്ന് ഇയാളെ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
സംസ്ഥാനത്ത് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്ന ‘ഓപ്പറേഷന്‍ തൂഫാന്‍’ന്റെ ഭാഗമായി നടക്കുന്ന പരിശോധനകളുടെ ഭാഗമായാണ് നടപടി. പദ്ധതി ആരംഭിച്ച ശേഷം നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ലഹരി സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് പൊലീസിന് അറിയിക്കാമെന്നും അധികൃതര്‍ അറിയിച്ചു.





