തിരുവനന്തപുരം: മുസ്ലിം ലീഗിനെതിരെ വീണ്ടും കടുത്ത വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ലീഗ് വർഗീയമായി മാത്രമാണ് പ്രവർത്തിക്കുന്നതെന്നും ലീഗിന്റെ ജനപ്രതിനിധികളും പേഴ്സണൽ സ്റ്റാഫും അവർ ഭരിക്കുന്ന വകുപ്പുകളിലെ പ്രധാന തസ്തികകളിലിരിക്കുന്നവരും അതിന്റെ തെളിവാണെന്നും യോഗനാദത്തിൽ എഴുതിയ എഡിറ്റോറിയലിലൂടെ വെള്ളാപ്പള്ളി ആവർത്തിച്ചു.
‘മുസ്ലിം ലീഗ് മന്ത്രിയായ കെ എം ഷാജിയുടെ മതമാണ് മതമാണ് മതമാണ് അവരുടെ പ്രശ്നമെന്ന പ്രസംഗമെന്ന പ്രസംഗം ഞങ്ങളാരും മറന്നിട്ടില്ല. മറക്കുകയുമില്ല. ലീഗിനെ രാഷ്ട്രീയമായി എതിർക്കുന്നവർക്കു പോലും ഇതൊക്കെ തുറന്നുകാട്ടാൻ ഭയമാണ്. ആ ഭയം എനിക്കില്ല. അതുകൊണ്ട് വർഗീയവാദിയാക്കുമെങ്കിൽ ആയിക്കോട്ടെ’, വെള്ളാപ്പള്ളി എഴുതി.
തന്നെ ചിലർ തിരഞ്ഞുപിടിച്ച് ആക്ഷേപിക്കുകയാണെന്ന ആരോപണവും വെള്ളാപ്പള്ളി ഉയർത്തുന്നുണ്ട്. കേരളത്തിലെ ചില സാമൂഹ്യയാഥാർത്ഥ്യങ്ങൾ തുറന്നുപറഞ്ഞതാണ് താൻ ചെയ്ത തെറ്റെങ്കിൽ ആ തെറ്റ് പൂർവ്വാധികം ശക്തിയായി തുടരാൻ തന്നെയാണ് തീരുമാനം. ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടുന്നവരല്ല താനും തൻറെ സംഘടനയും. ഹിന്ദുക്കളെ സാമ്പത്തികമായും രാഷ്ട്രീയമായും ഒതുക്കാൻ ശ്രമം നടക്കുന്നു. അതിന് പിന്നിൽ ഒളിഞ്ഞും തെളിഞ്ഞും മുസ്ലിം ലീഗുണ്ട്. മതേതരകുപ്പായമിട്ട ലക്ഷണമൊത്ത വർഗീയ സംഘടനയാണ് ലീഗ് എന്നും വെള്ളാപ്പള്ളി നടേശൻ ആവർത്തിച്ചു.





