ഡെറാഡൂണ്‍: നീറ്റ് പുനഃപരീക്ഷ നടക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ 23-കാരി ജീവനൊടുക്കി. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് സംഭവം.
പരീക്ഷ പാസാകാൻ കഴിയില്ലെന്ന ഭയം യുവതിയെ അലട്ടിയിരുന്നുവെന്നാണ് വിവരം. വീട്ടിലെ സീലിംഗ് ഫാനിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. “അമ്മേ-അച്ഛാ, ഞാൻ നിങ്ങളെ സ്നേഹിക്കുന്നു” എന്നാണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്. യുവതി ഏറെക്കാലമായി നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു.
മുൻ പരീക്ഷ ശ്രമങ്ങളിൽ പരാജയപ്പെട്ടതിനെ തുടർന്ന് മാനസിക സമ്മർദ്ദത്തിലും നിരാശയിലുമായിരുന്നു യുവതി എന്നാണു പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. സംഭവവുമായി ബന്ധപ്പെട്ട് ആത്മഹത്യാക്കുറിപ്പും മറ്റ് തെളിവുകളും പൊലീസ് പരിശോധിച്ചുവരികയാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)





