ചെന്നൈ: സ്ത്രീവിരുദ്ധ പരാമർശവും വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ മുതിർന്ന ബിജെപി നേതാവ് എച്ച്. രാജയ്ക്ക് ആശ്വാസം. വിചാരണക്കോടതി വിധിച്ച ആറുമാസം തടവുശിക്ഷ മദ്രാസ് ഹൈക്കോടതി പൂർണമായും റദ്ദാക്കി. ശിക്ഷാവിധിക്കെതിരെ രാജ സമർപ്പിച്ച അപ്പീൽ ഹർജിയിലാണ് ജസ്റ്റിസ് ലക്ഷ്മി നാരായണന്റെ ഉത്തരവ്.
മുൻ തമിഴ്നാട് മുഖ്യമന്ത്രി എം. കരുണാനിധിയെയും മകൾ കനിമൊഴി എം.പിയെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ നടത്തിയ ട്വീറ്റും സാമൂഹിക പരിഷ്കർത്താവ് പെരിയാറിന്റെ പ്രതിമ തകർത്തതിനെ ന്യായീകരിച്ച് നടത്തിയ പരാമർശവുമാണ് കേസിന് ആധാരം. ഇതുമായി ബന്ധപ്പെട്ട രണ്ട് എഫ്ഐആറുകൾ ഒറ്റക്കേസായി പരിഗണിച്ചാണ് 2024 ഡിസംബറിൽ വിചാരണക്കോടതി രാജയ്ക്ക് ആറുമാസം തടവുശിക്ഷ വിധിച്ചത്.
കേസിലെ എഫ്ഐആറുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാജ നേരത്തെ രണ്ടുതവണ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അനുകൂല വിധിയുണ്ടായിരുന്നില്ല. രാജയുടെ ട്വീറ്റുകൾ വിദ്വേഷ പരാമർശത്തിന്റെ പരിധിയിൽ വരുമെന്നും രാഷ്ട്രീയ നേതാക്കൾ അഭിപ്രായപ്രകടനം നടത്തുമ്പോൾ പരിധി പാലിക്കണമെന്നും ചൂണ്ടിക്കാട്ടി ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് അന്ന് ഹർജികൾ തള്ളിയിരുന്നു.
എന്നാൽ രാജയുടെ ട്വീറ്റുകൾ സമൂഹത്തിൽ യാതൊരു തരത്തിലുള്ള ക്രമസമാധാന പ്രശ്നങ്ങൾക്കും ഇടയാക്കിയിട്ടില്ലെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് ലക്ഷ്മി നാരായണൻ ഇപ്പോൾ വിചാരണക്കോടതിയുടെ ശിക്ഷാവിധി റദ്ദാക്കിയത്.




