തിരുവനന്തപുരം: കോന്നി മെഡിക്കൽ കോളേജിൽ 16കാരിക്ക് 88കാരിയുടെ എക്സ്റേ മാറിനൽകിയ സംഭവത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടി സ്വീകരിക്കാൻ ആരോഗ്യ മന്ത്രി കെ. മുരളീധരൻ നിർദേശം നൽകി. മെഡിക്കൽ കോളേജ് സൂപ്രണ്ടിനാണ് മന്ത്രി നിർദേശം നൽകിയത്.
എക്സ്റേ മാറിനൽകിയതിൽ വീഴ്ച സംഭവിച്ചെന്നാണ് മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ പ്രാഥമിക റിപ്പോർട്ട്. എക്സ്റേ വിതരണം ചെയ്യുന്ന കൗണ്ടറിലാണ് പിഴവ് സംഭവിച്ചതെന്ന് ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യൂക്കേഷന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ റേഡിയോളജി, പൾമണോളജി വിഭാഗങ്ങളിലെ ഡോക്ടർമാരോട് വിശദീകരണം തേടുമെന്നും സൂപ്രണ്ട് അറിയിച്ചു.
ശ്വാസതടസ്സത്തെ തുടർന്ന് ചികിത്സ തേടിയെത്തിയ 16കാരിക്കാണ് 88കാരിയുടെ എക്സ്റേ നൽകിയത്. എക്സ്റേ പരിശോധിച്ച ഡോക്ടർ പെൺകുട്ടിയുടെ നട്ടെല്ലിന് വളവുണ്ടെന്ന് പറഞ്ഞ് മരുന്ന് നിർദേശിച്ചു. തുടർന്ന് മൂന്ന് ദിവസത്തോളം പെൺകുട്ടി മരുന്ന് കഴിച്ചു.
തുടർ പരിശോധനയ്ക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിയപ്പോഴാണ് എക്സ്റേ മാറിയ വിവരം പുറത്തറിയുന്നത്. ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ എക്സ്റേ പരിശോധിച്ചപ്പോഴാണ് രോഗിയുടെ പ്രായവും എക്സ്റേയിലെ വിവരങ്ങളും തമ്മിൽ പൊരുത്തക്കേടുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് പെൺകുട്ടിയും മാതാപിതാക്കളും കോന്നി മെഡിക്കൽ കോളേജ് സൂപ്രണ്ടിന് പരാതി നൽകി. സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.


