കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം വിലയിരുത്താനായി ചേര്‍ന്ന സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയില്‍ സംസ്ഥാന-ജില്ലാ നേതൃത്വങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനം. കോട്ടയത്തെ നേതാക്കള്‍ക്കെതിരെയായിരുന്നു വിമര്‍ശനങ്ങളിലധികവും.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുന്‍ മന്ത്രിയുമായ വി.എന്‍. വാസവന് ബാര്‍ മുതലാളിമാരുമായുള്ള അവിശുദ്ധ ബന്ധം പരസ്യമായ രഹസ്യമാണെന്നും ജില്ലയിലെ ട്രാന്‍സ്ഫര്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുത്തിരുന്നത് ഇക്കൂട്ടരായിരുന്നെന്നും വിമര്‍ശനമുണ്ടായി. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പോലും ബാര്‍ മുതലാളിമാരായിരുന്നു മുന്നിലെന്നും മണ്ഡലത്തില്‍ നടത്തിയ ഗാനമേളയും മറ്റു പരിപാടികളുമൊന്നും പാര്‍ട്ടിയുമായി ആലോചിക്കാതെ നടത്തിയതാണെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
വാസവന്‍ ഫാന്‍സ് അസോസിയേഷനായി ജില്ലാ കമ്മിറ്റി മാറിയെന്നും തദ്ദേശ തിരഞ്ഞെടുപ്പിലെ ബിജെപി മുന്നേറ്റം സംസ്ഥാന നേതൃത്തിനു മുന്നില്‍ മറച്ചു വച്ചെന്നും ചില നേതാക്കള്‍ തുറന്നടിച്ചു. കുമരകം, തിരുവാര്‍പ്പ് പോലുള്ള പാര്‍ട്ടി കേന്ദ്രങ്ങളില്‍ പോലും യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വന്‍ ലീഡ് ലഭിച്ചത് പാര്‍ട്ടിക്കാര്‍ തന്നെ വോട്ട് മാറ്റി ചെയ്തതിനു തെളിവാണെന്നും ആരോപണമുണ്ട്.






