കോഴിക്കോട്: വെള്ളയിൽ കോന്നാട് ബീച്ചിൽ പടക്കം പൊട്ടിച്ച് പിറന്നാൾ ആഘോഷിച്ച സംഭവത്തിൽ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. ഇന്ന് പുലർച്ചെ 12.30ഓടെയാണ് സംഭവം. പിറന്നാൾ ആഘോഷിക്കാനായി ബീച്ചിലെത്തിയ സംഘമാണ് പടക്കം പൊട്ടിച്ച് ആഘോഷിച്ചത്.
രാത്രികാലങ്ങളിൽ വലിയ ശബ്ദത്തിൽ പടക്കം പൊട്ടിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസികൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളയിൽ പോലീസ് നടപടി സ്വീകരിച്ചത്.
കോന്നാട് ബീച്ചിൽ പിറന്നാൾ ആഘോഷിക്കാനെത്തുന്ന യുവാക്കൾ രാത്രിയിൽ പടക്കം പൊട്ടിക്കുന്നത് പതിവായിരിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. രാത്രി 12 മണി മുതൽ പുലർച്ചെ 2 മണി വരെ തുടർച്ചയായി പടക്കം പൊട്ടിക്കുന്നതായും പ്രദേശവാസികൾ പറയുന്നു.
മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള നാട്ടുകാർക്ക് രാത്രിയിലെ ഈ ശബ്ദം വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും പടക്കം പൊട്ടിച്ച് ശല്യമുണ്ടാക്കിയവർക്കെതിരെ നാട്ടുകാരുടെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. സംഭവത്തിൽ പൊലീസ് നടപടി തുടരുകയാണ്.




