കോഴിക്കോട്: കോഴിക്കോട് പാളയത്ത് വീട്ടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പാളയം പുതിയ കോവിലകം പറമ്പ് നഗർ സ്വദേശി ബിജുവാണ് മരിച്ചത്. സാധാരണ ഉറങ്ങാറുള്ള മുറിയിലാണ് ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ പാൽ കറക്കാനായി ബിജുവിനെ വിളിക്കാൻ എത്തിയ അമ്മയാണ് ആദ്യം മൃതദേഹം കണ്ടത്. വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്നാണ് വിവരം.
ബിജുവിന്റെ കഴുത്തിൽ ഉൾപ്പെടെ വെട്ടേറ്റ പാടുകൾ ഉണ്ടായിരുന്നു. മുറിയിൽ രക്തം തളംകെട്ടിയ നിലയിലായിരുന്നു. സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പരിസരത്ത് ലഹരി സംഘം സജീവമാണെന്നും ഇവരെയാണ് സംശയിക്കുന്നതെന്നും ബിജുവിന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.



