മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ ഭർത്താവിനെ ഉറക്കഗുളിക നൽകി മയക്കിയ ശേഷം വിഷപ്പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയെന്ന ഞെട്ടിക്കുന്ന കേസിൽ ഭാര്യയും കാമുകനും ഉൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹസ്തിനാപൂർ സ്വദേശിയും സ്വകാര്യ പ്ലേ സ്കൂൾ അഡ്മിനിസ്ട്രേറ്ററുമായ അതുൽ കുമാർ പൻവാർ (32) ആണ് കൊല്ലപ്പെട്ടത്.
പൊലീസ് അന്വേഷണത്തിൽ, അതുലിന്റെ ഭാര്യ ദാമിനി (30), സ്കൂളിലെ ബസ് ഡ്രൈവറും കാമുകനുമായ തുഷാർ കുമാർ (34), പാമ്പുപിടുത്തക്കാരായ സോനുവും ഉദയ് കുമാറും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് കണ്ടെത്തി. അതുലിന്റെ പേരിലുള്ള 20 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുകയും ഒരുമിച്ച് ജീവിക്കാൻ തടസ്സമായിരുന്ന ഭർത്താവിനെ ഒഴിവാക്കുകയുമായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് പൊലീസ് അറിയിച്ചു.
സംഭവദിവസം രാത്രി ദാമിനി ഭർത്താവിന് നൽകിയ പാലിൽ ഉറക്കഗുളിക കലർത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. അതുൽ ബോധരഹിതനായതോടെ ദാമിനി കാമുകനായ തുഷാറിനെ വിവരം അറിയിച്ചു. തുടർന്ന് തുഷാറും രണ്ട് പാമ്പുപിടുത്തക്കാരും ചേർന്ന് അതിമാരക വിഷമുള്ള പാമ്പുമായി വീട്ടിലെത്തി. ഉറങ്ങിക്കിടന്ന അതുലിന്റെ പുതപ്പിനുള്ളിലേക്ക് പാമ്പിനെ തുറന്നുവിടുകയും, പാമ്പുകടിയേറ്റ് അതുൽ മരിക്കുകയുമായിരുന്നു.
ശേഷം ദാമിനി മകനുമായി മറ്റൊരു മുറിയിലേക്ക് മാറിക്കിടന്നു. രാവിലെ അതുൽ അബോധാവസ്ഥയിലാണെന്നും കട്ടിലിൽ പാമ്പുണ്ടെന്നും പറഞ്ഞ് നാട്ടുകാരെ വിളിച്ചുവരുത്തി. നാട്ടുകാർ പാമ്പിനെ കൊന്നശേഷം അതുലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
അതുലിന്റെ മരണത്തിൽ സംശയം തോന്നിയ പിതാവ് അജാബ് സിംഗ് നൽകിയ പരാതിയെത്തുടർന്നാണ് അന്വേഷണം വഴിത്തിരിവായത്. ദാമിനിയുടെയും തുഷാറിന്റെയും ഫോൺവിളി രേഖകളും മൊബൈൽ ഫോണിൽ കണ്ടെത്തിയ പാമ്പിന്റെ ചിത്രങ്ങളും നിർണായക തെളിവുകളായി. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
കൊലപാതകത്തിന് ഏകദേശം 20 ദിവസം മുമ്പ് കാറിടിപ്പിച്ച് അതുലിനെ കൊല്ലാൻ ശ്രമിച്ചിരുന്നുവെന്നും, അന്ന് ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ ഇയാൾ രക്ഷപ്പെട്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഇൻഷുറൻസ് തുക ലഭിച്ചാൽ പാമ്പ് എത്തിച്ചുനൽകിയവർക്ക് അഞ്ച് ലക്ഷം രൂപ വീതം നൽകാമെന്ന് പ്രതികൾ വാഗ്ദാനം ചെയ്തിരുന്നതായും പൊലീസ് വ്യക്തമാക്കി.




