കോട്ടയം: നഗരത്തിലെ സെൻട്രൽ ജംഗ്ഷനിൽ മദ്യപസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ യുവാവ് കൊല്ലപ്പെട്ടു. പാമ്പാടി കോത്തല തടത്തിൽ പുത്തൻപുതിയിടത്തിൽ വിനീത് (33) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11.15ഓടെ തിരുനക്കര മൈതാനത്തിന് സമീപം കേരള ബാങ്കിന് മുന്നിലായിരുന്നു സംഭവം. മദ്യപസംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെയാണ് വിനീതിന് കുത്തേറ്റത്.
സംഭവസമയത്ത് സമീപത്ത് വാഹനപരിശോധന നടത്തുകയായിരുന്ന കൺട്രോൾ റൂം പൊലീസ് ഉടൻ സ്ഥലത്തെത്തി. കത്തിയുമായി നിന്ന പ്രതിയായ വിജയപുരം മാങ്ങാനം പുത്തൻപറമ്പിൽ ശ്രീകാന്തിനെ പൊലീസ് സംഭവസ്ഥലത്തുവെച്ച് തന്നെ കസ്റ്റഡിയിലെടുത്തു.
കുത്തേറ്റ വിനീതിനെ ഉടൻ ജില്ലാ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിനീതിന്റെ ശരീരത്തിൽ അഞ്ചിലധികം കുത്തേറ്റ പാടുകൾ ഉണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിൽ വെസ്റ്റ് പൊലീസ് അന്വേഷണം തുടരുകയാണ്.




