കോഴിക്കോട്: അമേരിക്കൻ കമ്പനിയായ നോർവീജിയൻ ക്രൂയിസ്‌ലൈൻ ഉടമസ്ഥതയിലുള്ള ആഡംബര കപ്പലായ എൻസിഎൽ വിവയിലെ ജീവനക്കാരനായ കോഴിക്കോട് കക്കോടി മോരിക്കര മേലേടത്ത് പറമ്പിൽ വിൻഷാർ (38) എന്ന യുവാവിനെ കാണാതായി.
മെക്സിക്കൻ തുറമുഖത്തിൽ നിന്ന് കപ്പൽ അമേരിക്കയിലേക്ക് യാത്ര തിരിക്കുന്നതിനിടെയാണ് വിൻഷാറിനെ കാണാതായതെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. വെള്ളിയാഴ്ച രാത്രി ഒൻപതുമണിയോടെ (മെക്സിക്കൻ സമയം ഉച്ചയ്ക്ക് ഒരു മണി) കപ്പൽ കമ്പനിയിലെ ഉദ്യോഗസ്ഥർ ഫോണിലൂടെ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ മെക്സിക്കൻ കടലിൽ ഏകദേശം ഒന്നര മണിക്കൂറോളം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് കപ്പൽ യാത്ര തുടർന്നു. മെക്സിക്കൻ തീരസേനയും കടലിൽ തിരച്ചിൽ തുടരുന്നതായാണ് കുടുംബത്തിന് ലഭിച്ച വിവരം.
ഒൻപതാം തീയതി പുലർച്ചെയാണ് വിൻഷാറിനെ കാണാതായതെന്നാണ് വിവരം. ഏകദേശം 15 വർഷമായി വിദേശത്ത് ജോലി ചെയ്യുന്ന അദ്ദേഹം നാലു മാസം മുൻപാണ് എൻസിഎൽ വിവ കപ്പലിലേക്ക് മാറിയത്. ഭാര്യയും രണ്ട് മക്കളുമുണ്ട്.
വിൻഷാറിനെ കാണാതായ വിവരം മന്ത്രി എ.കെ. ശശീന്ദ്രൻ, എം.കെ. രാഘവൻ എംപി, നോർക്ക അധികൃതർ എന്നിവരെ അറിയിച്ചിട്ടുണ്ടെന്നും സർക്കാർ തലത്തിൽ തിരച്ചിൽ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും ബന്ധുക്കൾ അറിയിച്ചു. സംഭവത്തിൽ എലത്തൂർ പൊലീസിലും പരാതി നൽകിയിട്ടുണ്ട്.




