ബെംഗളൂരു: കഴിഞ്ഞ ഐപിൽ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ ജേഴ്സിയിൽ ഒരു 15 വയസ്സുകാരൻ കളികളത്തിലിറങ്ങി. ഒരു പേടിയും കൂടാതെ വന്ന ബോളുകൾ അവൻ നേരിട്ടു. ഇപ്പോഴിതാ തന്റെ വിജയത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ് താരം വൈഭവ് സൂര്യവന്‍ഷി. ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍മാരെ നേരിടുമ്പോഴും ബൗളറെ നോക്കണ്ട, പന്തിനെ മാത്രം ശ്രദ്ധിക്കുക എന്നതാണ് സൂര്യവന്‍ഷിയുടെ മനസ്സിൽ. കഴിഞ്ഞ ദിവസം ജസ്പ്രിത് ബുംറയായിരുന്നു എതിരാളിയെങ്കില്‍ വെള്ളിയാഴ്ച രാത്രി അത് ജോഷ് ഹേസല്‍വുഡ് ആയിരുന്നു. സാഹചര്യങ്ങള്‍ മാറി, വെല്ലുവിളികള്‍ മാറി, പക്ഷേ വൈഭവ് നല്‍കിയ മറുപടിക്ക് മാത്രം മാറ്റമുണ്ടായില്ല.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ വെറും 26 പന്തില്‍ 78 റണ്‍സ് അടിച്ചുകൂട്ടിയ സൂര്യവന്‍ഷി രാജസ്ഥാന്‍ റോയല്‍സിനെ അനായാസ വിജയത്തിലേക്ക് നയിച്ചു. 201 റണ്‍സ് എന്ന ലക്ഷ്യം രണ്ട് ഓവര്‍ ബാക്കിനില്‍ക്കെയാണ് രാജസ്ഥാന്‍ മറികടന്നത്. ഈ സീസണിന്റെ തുടക്കത്തില്‍ ലോകത്തെ മികച്ച ടി20 ബൗളറായ ജസ്പ്രീത് ബുംറയെയും സൂര്യവന്‍ഷി ഇതേ ആത്മവിശ്വാസത്തോടെ നേരിട്ടിരുന്നു. വര്‍ഷങ്ങളുടെ അന്താരാഷ്ട്ര പരിചയസമ്പത്തുള്ള ബൗളര്‍മാര്‍ പോലും ഈ കൗമാരക്കാരന് മുന്നില്‍ ഉത്തരമില്ലാതെ നില്‍ക്കുന്ന കാഴ്ചയാണ് ഐപിൽ ആരാധകർ കണ്ടത്. അതുകൊണ്ടുതന്നെ ആരാധകർ ഏറെയാണ് ഈ പതിനഞ്ചുകാരന്.




