കോഴിക്കോട്: പ്രതിപക്ഷ ഉപനേതൃപദവിയെ സംബന്ധിച്ച് സിപിഐഎം-സിപിഐ തർക്കം നടത്തുന്നതിനിടെ പഴയ മുന്നണി ബന്ധം ഓർമ്മിച്ച് രാഷ്ട്രീയ നിലപാട് വ്യക്തമാക്കി മുസ്ലിം ലീഗ്. ലീഗും സിപിഐയും കോണ്‍ഗ്രസും ഒന്നിച്ചു ഭരിച്ച അച്യുതമേനോന്‍ മന്ത്രിസഭയുടെ ഭരണം ഓര്‍മ്മപ്പെടുത്തിയാണ് ലീഗിന്റെ മുഖപത്രമായ ചന്ദ്രികയില്‍ മുതിർന്ന നേതാവായ കെപിഎ മജീദ് ലേഖനം എഴുതിയിരിക്കുന്നത്. അച്യുതമേനോന്‍ മന്ത്രിസഭ മുസ്ലിം ലീഗിന്റെയും സിപിഐ യുടെയും ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളിലെഴുതിയ താളുകളായിരുന്നുവെന്നാണ് ലേഖനം പറയുന്നത്.
മുസ്ലിംലീഗും കോണ്‍ഗ്രസ്സും സിപിഐയും ചേര്‍ന്ന് ഭരിച്ചപ്പോഴാണ് കേരളം നമ്പര്‍ വണ്‍ ആയത്. അച്യുതമേനോന്‍ സര്‍ക്കാര്‍ കേരളത്തിന്റെ വളര്‍ച്ചയുടെ അടിത്തറ ദൃഢപ്പെടുത്തി. വിദ്യാഭ്യാസ ആരോഗ്യ മേഖലകളിലെ ലോകോത്തര കേരള മോഡല്‍ രൂപപ്പെട്ടത് അക്കാലത്താണെന്നും കെപിഎ മജീദ് ലേഖനത്തിൽ അവകാശപ്പെടുന്നുണ്ട്.
സിപിഐഎമ്മിന്റെ വലയില്‍ അകപ്പെട്ടതോടെ മുഖ്യമന്ത്രി പദവിയോ ഉപമുഖ്യമന്ത്രി സ്ഥാനമോ ലഭിക്കാതെ സിപിഐ സ്വയം താഴ്ന്നു പോയി. ഭൂപരിഷ്‌കരണ നിയമത്തിന്റെ ക്രെഡിറ്റ് സിപിഐഎം അടിച്ചെടുക്കുകയാണ്. വല്യേട്ടന്‍ ചമയുന്നതില്‍ നിന്നും സിപിഐഎം തമ്പ്രാന്‍ കല്‍പ്പിക്കുന്ന നിലയിലേക്ക് എത്തി. ഭരണത്തിലുള്ളപ്പോഴും പ്രതിപക്ഷത്തിരിക്കുമ്പോഴും ഉടമ അടിമ വ്യവസ്ഥക്ക് മാറ്റമില്ല. തിരുമുമ്പില്‍ കുനിഞ്ഞ് നിന്ന് രാജകല്‍പന അനുസരിക്കാന്‍ മാത്രം അടിമകളല്ല സിപിഐ എന്നും ലേഖനം പറയുന്നു.










