കോഴിക്കോട്: ബേപ്പൂരിലെ തെരഞ്ഞെടുപ്പ് തോൽവിയിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ ആരോപണങ്ങൾ ആവർത്തിച്ച് പി.വി. അൻവർ. ‘പരാജയപ്പെട്ടതോ, പരാജയപ്പെടുത്തിയതോ?’ എന്ന ചോദ്യത്തോടെയാണ് അൻവറിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. യുഡിഎഫ് കേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞപ്പോൾ ഇടത് കോട്ടകളിൽ മുന്നേറ്റമുണ്ടായെന്നും അൻവർ ആരോപിക്കുന്നു.
യുഡിഎഫ് പ്രവർത്തകരിൽ ചിലർ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സഹകരിച്ചില്ലെന്നും പോസ്റ്ററുകളും നോട്ടീസുകളും വിതരണം ചെയ്യാതെ കൂട്ടിയിട്ട നിലയിൽ കണ്ടെന്നും അൻവർ ആരോപിച്ചു. ബേപ്പൂരിൽ വിജയിക്കാൻ കഴിഞ്ഞില്ലെങ്കിലും തന്റെ സ്ഥാനാർഥിത്വം മലബാറിൽ ഗുണം ചെയ്തെന്നും അദ്ദേഹം അവകാശപ്പെട്ടു.
‘പിണറായിസവും മരുമോനിസവും’ തെരഞ്ഞെടുപ്പ് കാലത്ത് ചർച്ചയായെന്നും അൻവർ പറയുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൂടുതൽ കണക്കുകൾ പുറത്തുവിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ വിദഗ്ധരെ ഉപയോഗിച്ച് നടത്തിയ വിശദമായ അവലോകനത്തിൽ സംഭവിച്ച കാര്യങ്ങൾ ബോധ്യപ്പെട്ടിരുന്നുവെന്നും അൻവർ പറഞ്ഞു. അവസാന നിയമസഭാ സമ്മേളനത്തിൽ പോലും പങ്കെടുക്കാതെ ഇടതുപക്ഷ സ്ഥാനാർഥി മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് പ്രവർത്തിച്ച സാഹചര്യമുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ യുഡിഎഫിന്റെ ഭാഗത്തുനിന്നുള്ള പോരാട്ടത്തിന് നേതൃത്വം നൽകേണ്ട ഉത്തരവാദിത്വം തനിക്ക് ഒറ്റയ്ക്ക് ഏറ്റെടുക്കേണ്ടിവന്നുവെന്നാണ് അൻവറിന്റെ ആരോപണം.
ബേപ്പൂരിലെ ലീഡ് കുറച്ചാൽ ബാക്കിയുള്ള പ്രദേശങ്ങളിലെ കാര്യങ്ങൾ തങ്ങൾ നോക്കിക്കൊള്ളാമെന്നായിരുന്നു കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടെന്ന് അൻവർ പറയുന്നു. താൻ തന്റെ വാക്ക് പാലിച്ചെങ്കിലും യുഡിഎഫിന് അതിൽ വീഴ്ച സംഭവിച്ചെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
യുഡിഎഫ് ഭരിക്കുന്ന ഫറൂഖ്, രാമനാട്ടുകര നഗരസഭകളിൽ പ്രതീക്ഷിച്ച രീതിയിൽ ലീഡ് നേടാൻ കഴിഞ്ഞിരുന്നെങ്കിൽ തെരഞ്ഞെടുപ്പ് ഫലം തന്നെ മറ്റൊന്നാകുമായിരുന്നുവെന്നും അൻവർ അവകാശപ്പെടുന്നു.
തെരഞ്ഞെടുപ്പിന് ശേഷം പ്രാദേശിക നേതൃത്വത്തിലുള്ളവരുടെ വീടുകളിൽ നേരിട്ടെത്തി സന്ദർശനം നടത്തിയെന്നും അപ്പോൾ അവർ തന്നോട് മനസ്സ് തുറന്ന് സംസാരിച്ചെന്നും അൻവർ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന ചില അസുഖകരമായ വെളിപ്പെടുത്തലുകളും മാധ്യമ വാർത്തകളുമാണ് കൂടുതൽ കാര്യങ്ങൾ പറയാൻ തന്നെ നിർബന്ധിതനാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ബേപ്പൂരിലെ തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങളെച്ചൊല്ലി യുഡിഎഫിനുള്ളിൽ തന്നെ ചർച്ചകൾ തുടരുന്നതിനിടെയാണ് പി.വി. അൻവറിന്റെ പുതിയ ആരോപണങ്ങൾ. കൂടുതൽ കണക്കുകൾ പുറത്തുവിടുമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം വരും ദിവസങ്ങളിൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചേക്കും.


