കോട്ടയം: കെപിസിസി സംസ്‌കാര സാഹിതി ‘ഉത്സവ്-2026’ കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല എംഎല്‍എ. ഉദ്ഘാടനം നിർവഹിച്ചു. ഇടതുഭരണത്തില്‍ എഴുത്തുകാര്‍ നിശബ്ദരാക്കപ്പെടുന്നെന്ന് അദ്ദേഹം പറഞ്ഞു. പിണറായി ഭരണത്തിനെതിരേ ശബ്ദിക്കാന്‍ സാഹിത്യകാരന്മാര്‍ മടികാണിക്കുന്ന കാലത്ത് കവി സച്ചിദാനന്ദന്‍റെ പ്രതികരണത്തിന് ഏറെ പ്രസക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്‌കാരസാഹിതി ചെയര്‍മാന്‍ സി.ആര്‍. മഹേഷ് എംഎല്‍എ അധ്യക്ഷത വഹിച്ചു. കെ.സി. ജോസഫ് ചിത്രകലാ ക്യാമ്പിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. എഴുത്തുകാരന്‍ യു.കെ. കുമാരന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്‌കാര സാഹിതി വര്‍ക്കിംഗ് ചെയര്‍മാന്‍ എന്‍.വി. പ്രദീപ്കുമാര്‍, ചലച്ചിത്രതാരം രവീന്ദ്രന്‍, പോള്‍ മണലില്‍, ടോമി കല്ലാനി, നാട്ടകം സുരേഷ്, ആലപ്പി അഷറഫ്, അനി വര്‍ഗീസ്, കെ.എം. ഉണ്ണികൃഷ്ണന്‍, എം.കെ. ഷിബു എന്നിവര്‍ പ്രസംഗിച്ചു.
പുസ്തകമേള, കലാ-സാംസ്‌കാരിക പരിപാടികള്‍, ചര്‍ച്ചകള്‍, സംവാദങ്ങള്‍, ചിത്രകലാ ക്യാമ്പ്, ഷോര്‍ട്ട് ഫിലിം ഫെസ്റ്റ്‍, അമച്വര്‍ നാടക മത്സരങ്ങള്‍, ഫുഡ്കോര്‍ട്ട് തുടങ്ങി വിവിധങ്ങളായ പരിപാടികളാണ് മേളയോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ളത്. മേളയില്‍ വിവിധ ദിവസങ്ങളിലായി രാഷ്‌ട്രീയ, സാംസ്‌കാരിക, കലാ, സാഹിത്യ, സിനിമാ, നാടകരംഗത്തെ ഒട്ടേറെ പ്രമുഖരാണ് പങ്കെടുക്കുന്നത്. പ്രവേശനം സൗജന്യമാണ്. സന്ദര്‍ശകര്‍ക്ക് സൗജന്യമായി നല്‍കുന്ന കൂപ്പണുകള്‍ ദിവസവും നറുക്കിട്ട് പുസ്തകങ്ങള്‍ സമ്മാനമായി നല്‍കും.




