പാലക്കാട്: ഒറ്റപ്പാലം അമ്പലപ്പാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ കെഎസ്ഇബിയുടെ കടുത്ത നടപടി. ഒരു മാസത്തെ വൈദ്യുതി ബിൽ കുടിശികയുടെ പേരിലാണ് ആരോഗ്യ കേന്ദ്രത്തിലെ ശുദ്ധജല കണക്ഷൻ്റെ ഫ്യൂസൂരിയത്. കഴിഞ്ഞ 7 നു ഫ്യൂസ് ഊരാനുള്ള സമയപരിധി പൂർത്തിയായതിനു പിന്നാലെയാണു കെഎസ്ഇബിയുടെ കടുത്ത നടപടി. ഇതോടെ ആശുപത്രിയിൽ ശുദ്ധജല പ്രതിസന്ധിയായി.
3638 രൂപ മാത്രം കുടിശിക നിൽക്കെയായിരുന്നു സർക്കാർ ആരോഗ്യ കേന്ദ്രം എന്ന പരിഗണന പോലും നൽകാതെയുള്ള നടപടി. സമീപത്തെ സ്വകാര്യ വളപ്പിലെ കിണറും പമ്പ് ഹൗസുമാണ് ആശുപത്രിയിലേക്കുള്ള പമ്പിങ്ങിന് കാലങ്ങളായി പ്രയോജനപ്പെടുത്തുന്നത്. ആരോഗ്യ കേന്ദ്രത്തിൻ്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്താണു വൈദ്യുതി ബിൽ അടയ്ക്കാറുള്ളത്. ഇത്തവണ ബിൽ അടയ്ക്കാനുള്ള സാങ്കേതിക നടപടികൾ അൽപം വൈകിയതാണു പ്രതിസന്ധിയായത്. ഒപിയിൽ ദിവസവും ശരാശരി മുന്നൂറോളം രോഗികളെത്തുന്ന ആരോഗ്യ കേന്ദ്രമാണിത്. ആരോഗ്യ കേന്ദ്രത്തിലെ ടാങ്കിൽ കഴിഞ്ഞ ദിവസം സംഭരിച്ച വെള്ളം ഉപയോഗിച്ചായിരുന്നു രാവിലെ പ്രവർത്തനം.










