തിരുവനന്തപുരം: നേരത്തെ ടെൻഡർ നൽകിയ 143 ബസുകൾ കൂടാതെ പുതിയ 180 ബസുകൾ കൂടി വാങ്ങാനൊരുങ്ങി കെ.എസ്.ആർ.ടി.സി. ഇതിനുള്ള ടെൻഡർ ഉടൻ നൽകും. പുതുതായി വാങ്ങുന്നവയിൽ 100 എണ്ണം സൂപ്പർഫാസ്റ്റ് സർവീസിനും 50 എണ്ണം ഓർഡിനറി സർവീസിനും 30 എണ്ണം ഫാസ്റ്റ് പാസഞ്ചർ സർവീസിനും വേണ്ടിയാണ്.
സൂപ്പർ ക്ലാസ് സർവീസ് നടത്തുന്ന മിക്ക ബസുകളുടേയും കാലാവധി അവസാനിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇനിയും കാലാവധി നീട്ടി നൽകാനില്ലെന്ന് കണ്ടാണ് പുതിയ ബസുകൾ വാങ്ങുന്നത്. നേരത്തെ ടെൻഡർ നൽകിയ 143 ബസുകളിൽ 86 എണ്ണം എത്തിയിരുന്നു. ഇവയിൽ സ്ലീപ്പർ, സെമി സ്ലീപ്പർ ബസുകളുടെ ബംഗളൂരു സർവീസുകൾ ആരംഭിച്ചിരുന്നു. യാത്രക്കാരിൽ നിന്ന് മികച്ച പ്രതികരണമാണ് ഇവയ്ക്ക് ലഭിക്കുന്നത്. ബോഡി നിർമ്മാണം പൂർത്തിയാകുന്ന മുറയ്ക്ക് ശേഷിക്കുന്ന 57 ബസുകൾ കൂടി നിരത്തിലിറക്കും.




