കോട്ടയം: കായിക ഭൂപടത്തിൽ കുമരകത്തിന്റെ പേര് വെട്ടിത്തിളങ്ങുന്നു. ഫെബ്രുവരി 7, 8 തീയതികളിൽ ഡൽഹിയിൽ നടന്ന സാവത് നാഷണൽ അസോസിയേഷൻ ഫ്രഞ്ച് കിക്ക് ബോക്സിങ് പരീക്ഷയിൽ ഉന്നത വിജയം നേടി കുമരകം സ്വദേശി ദിനു പൂങ്കളത്തിൽ നാടിന് അഭിമാനമായി. റഫറി ആൻഡ് ജഡ്ജ് ഡിപ്ലോമ കരസ്ഥമാക്കിയ ദിനു, ഈ നേട്ടം കൈവരിക്കുന്ന ആദ്യ കുമരകം സ്വദേശിയാണ്.
റഫറി, ജഡ്ജ്, കോച്ച് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായി നടന്ന കഠിനമായ പരീക്ഷകൾ വിജയകരമായി പൂർത്തിയാക്കിയാണ് ദിനു ഈ ദേശീയ അംഗീകാരം സ്വന്തമാക്കിയത്. ഇതോടെ കേരളത്തിൽ നിന്നുള്ള എട്ട് അംഗ ഫ്രഞ്ച് കിക്ക് ബോക്സിങ് കോച്ചുമാരുടെ ഔദ്യോഗിക പാനലിൽ ഇടം നേടാനും ഇദ്ദേഹത്തിന് സാധിച്ചു. കുമരകത്തെ കായിക പ്രേമികൾക്കും കിക്ക് ബോക്സിങ് പരിശീലിക്കുന്നവർക്കും വലിയ ആവേശമാണ് ഈ വിജയം പകരുന്നത്. കുമരകം ചൂരപ്പറമ്പിൽ പരേതനായ സോദരൻ-ലൈല ദമ്പതികളുടെ മകനാണ് ദിനു പൂങ്കളത്തിൽ. പൂജയാണ് ഭാര്യ. അദ്വൈത് കെ. ദിനു, ആദിത്യൻ കെ. ദിനു എന്നിവർ മക്കളാണ്.










