ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ ലേബർ കോഡിനെതിരെ തൊഴിലാളി സംഘടനകൾ രാജ്യവ്യാപക പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ചു. ഉടൻ ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചേക്കും. വിവിധ സംസ്ഥാനങ്ങളിലെ മിനിമം വേതന വ്യത്യാസം പ്രധാന വിഷയമാക്കിയാണ് സംഘടനകൾ പ്രതിഷേധം കടുപ്പിക്കുന്നത്.
ഇതിനിടെ, ലേബർ കോഡ് കേരളത്തിൽ നടപ്പാക്കില്ലെന്ന് തൊഴിൽമന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു. ട്രേഡ് യൂണിയൻ നേതാക്കളുമായി നടത്തിയ യോഗത്തിൽ ലേബർ കോഡ് പിൻവലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഡിസംബർ 19ന് ലേബർ കോൺക്ലേവ് നടത്തും.
സംസ്ഥാനത്തിന് സ്വന്തം തൊഴിൽ നിയമം ഉണ്ടാക്കുന്നതിനുള്ള സാധ്യതയും പുതിയ കോഡിൽ സംസ്ഥാനത്തിന് ഉള്ള ഇടപെടൽ പരിധിയും കോൺക്ലേവിൽ ചര്‍ച്ച ചെയ്യും. ലേബർ കോഡ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തോട് ഇമെയിൽ അയക്കും. ആവശ്യമായാൽ കേന്ദ്രമന്ത്രിയെ നേരിൽ കണ്ടും നിവേദനം നൽകും.




