ജമ്മു: ലഡാക്കിന് സംസ്ഥാന പദവി നല്‍കാനാവില്ലെന്ന തീരുമാനത്തിലുറച്ച് കേന്ദ്രസര്‍ക്കാര്‍. ലഡാക്കിലെ സംഘടനകളുമായി നടന്ന ചര്‍ച്ചയിലാണ് നിലപാട് വ്യക്തമാക്കിയത്. സംസ്ഥാന പദവിക്ക് പകരം ടെറിട്ടോറിയല്‍ കൗണ്‍സില്‍ പദവി നല്‍കാമെന്നാണ് കേന്ദ്ര നിലപാട്. ലഡാക്ക് ഹില്‍ കൗണ്‍സില്‍ അധ്യക്ഷന് സി എം എന്ന പദവി. ഉപാധ്യക്ഷന് ഡെപ്യൂട്ടി സി എം പദവി നല്‍കും. എന്നാല്‍ അംഗീകരിക്കാനാകില്ലെന്നാണ് ലഡാക്കിലെ സംഘടനകളുടെ നിലപാട്.
ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തുന്നത് പ്രായോഗികമല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ലഡാക്കിന് സംസ്ഥാന പദവി നല്‍കണം, ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണം, സോനം വാങ്ചുക് ഉള്‍പ്പെടെയുള്ളവരെ മോചിപ്പിക്കണം, ഇരകളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം തുടങ്ങിയവാണ് ലഡാക്കിലെ സംഘടനകളുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ അനുകൂല തീരുമാനം എടുത്തിട്ടില്ല.
ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്ന ലഡാക്കിന്റെ ആവശ്യം, സുസ്ഥിര വികസനം, അതിന്റെ തനതായ പരിസ്ഥിതി, ഗോത്ര ജനതയുടെ സംസ്‌കാരം എന്നിവ സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ, കേന്ദ്രഭരണ പ്രദേശത്തിന്റെ നിയമങ്ങളില്‍ സ്വയംഭരണം സ്ഥാപിക്കുക എന്നതാണ്. ലഡാക്കിലെ ജനസംഖ്യയുടെ ഏകദേശം 97% ഗോത്രവര്‍ഗക്കാരാണെന്ന് കണക്കാക്കപ്പെടുന്നു.
ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് 2025 സെപ്റ്റംബര്‍ 24 ന് ലേ നഗരത്തില്‍ നടന്ന അക്രമത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സോനം വാങ്ചുക് നടത്തിയ നിരാഹാര സമരത്തില്‍ പൊലീസ് ഇടപെടല്‍ ഉണ്ടായതോടെയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ദേശീയ സുരക്ഷാ നിയമപ്രകാരം വാങ്ചുക് രാജസ്ഥാനിലെ ജോധ്പൂര്‍ ജയിലില്‍ നിലവില്‍ തടവിലാണ്.




