അഹമ്മദാബാദ്: ഹൈവേയിൽ കയറിയ കന്നുകാലിയെ ഇടിച്ചതിന് പിന്നാലെ ആഡംബര എസ്യുവി ഡിവൈഡറിൽ ഇടിച്ചുകയറി രണ്ടുപേർ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരാണ് മരിച്ചത്. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ അഹമ്മദാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സെപ്റ്റംബർ 27 ഞായറാഴ്ച ഭാരത്മാല പദ്ധതിയുടെ ഭാഗമായി നിർമിച്ച തരാദ്-ദീസ ഹൈവേയിൽ മാൽപുരിന് സമീപമായിരുന്നു അപകടം. രാജ്കോട്ടിൽ നിന്ന് രാജസ്ഥാനിലേക്ക് പോകുകയായിരുന്ന ലാൻഡ് റോവർ ഡിസ്കവറി എസ്യുവിയാണ് അപകടത്തിൽപ്പെട്ടത്. ഹൈവേയിൽ അലഞ്ഞുതിരിഞ്ഞ കാള അതിവേഗത്തിലെത്തിയ എസ്യുവിയെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം സമീപത്തെ ഡിവൈഡറിൽ ഇടിച്ചുകയറി.
അപകടത്തിൽ എസ്യുവി പൂർണമായും തകർന്നു. വാഹനത്തിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. സ്ഥലത്തെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് 108 ആംബുലൻസിൽ വിവരമറിയിക്കുകയും പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.




