കോഴിക്കോട് : കഴിഞ്ഞ തവണ നല്‍കിയ 115 വാഗ്ദാനങ്ങളില്‍ 109 എണ്ണം നടപ്പിലാക്കി ശ്രദ്ധേയമായ ഇടതുമുന്നണി വടകരയില്‍ അധികാരത്തില്‍ തുടരുമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു. വടകര പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച തദ്ദേശം-2025 മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നേതാക്കള്‍. 48ല്‍ 30ലേറെ വാര്‍ഡുകള്‍ ഇടത് മുന്നണി പിടിക്കുമെന്നും ബിജെപിക്ക് കഴിഞ്ഞ തവണത്തെ വിജയം ആവര്‍ത്തിക്കാനാകില്ലെന്നും ചോദ്യത്തിനുത്തരമായി ഇവര്‍ പറഞ്ഞു. ഒട്ടനവധി കാര്യങ്ങളാണ് വടകര നഗരസഭയില്‍ നടപ്പിലാക്കിയതെന്ന് നേതാക്കള്‍ വ്യക്തമാക്കി.
202 കുടുംബങ്ങളെ അതിദരിദ്ര മുക്തമാക്കി. 779 വീടുകള്‍ പണിതു. 11,000 പേര്‍ക്ക് ക്ഷേമപെന്‍ഷന്‍ നല്‍കി. മാലിന്യമുക്തമാക്കുന്നതിനു മികച്ച പ്രവര്‍ത്തനമാണ് വടകര നഗരസഭ കാഴ്ചവെച്ചത്. ജലബജറ്റ് ആദ്യമായി അവതരിപ്പിച്ച നഗരസഭയാണ് വടകര. വിദ്യാഭ്യാസ മേഖലയില്‍ സ്‌പേസ് എന്ന പേരില്‍ നടത്തിയ പദ്ധതിയുടെ ഫലമായി എല്‍എസ്എസ്, യുഎസ്എസ്, എന്‍എംഎംഎസ് പരീക്ഷകളില്‍ വലിയ മുന്നേറ്റം സാധ്യമായി. ആരോഗ്യമേഖലയില്‍ നല്ല കുതിപ്പ് കാഴ്ചവെച്ചതിനൊപ്പം പാലിയേറ്റീവ് പ്രവര്‍ത്തനവും സജീവമാക്കി.
വടകര നഗരത്തിന്റെ സാംസ്‌കാരിക രംഗത്തെ മറ്റൊരു നേട്ടമാണ് നഗരമധ്യത്തിലെ സാംസ്‌കാരിക ചത്വരം. മാലിന്യ കേന്ദ്രമായിരുന്ന ട്രഞ്ചിംഗ് ഗ്രൗണ്ട് പാര്‍ക്കായി മാറി. ഷീ ലോഡ്ജും പകല്‍ വീടുമൊക്കെ നേട്ടങ്ങളാണ്. ദിശ പദ്ധതിയുമായി കായിക രംഗത്തും ഇടപെടുന്നു. ഒട്ടേറെ കാര്യങ്ങള്‍ നടപ്പാക്കിയ നഗരസഭ തികഞ്ഞ അഭിമാനത്തോടെയാണ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു.അഴിമതിക്കെതിരെ ശക്തമായ നിലപാട് തന്നെയാണ് നഗരസഭ സ്വീകരിച്ചത്. ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ല.
വ്യാപാരമേഖലക്ക് ദോഷം ചെയ്യുന്ന യാതൊന്നും നഗരസഭയുടെ ഭാഗത്ത് നിന്നില്ലെന്നും ഇവര്‍ വ്യക്തമാക്കി. ബിഒടി കെട്ടിടത്തിന്റെ കാര്യത്തില്‍ ഉടമയാണ് തുറക്കേണ്ടത്. നഗരസഭ കിട്ടേണ്ട തുക വര്‍ഷം തോറും ലഭിക്കുന്നുണ്ടെന്നും ഇവര്‍ പറഞ്ഞു.ചെയര്‍പേഴ്‌സണ്‍ കെ.പി.ബിന്ദു, എല്‍ഡിഎഫ് മുനിസിപ്പല്‍ കമ്മറ്റി ചെയര്‍മാന്‍ കെ.സി.പവിത്രന്‍, കണ്‍വീനര്‍ സി.കുമാരന്‍ എന്നിവര്‍ സംബന്ധിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് പ്രമോദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സജിത്ത് വളയം സ്വാഗതവും ട്രഷറര്‍ ഒ.കെ.വിനോദ് കുമാര്‍ നന്ദിയും പറഞ്ഞു.




