Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അതി ജീവിതയോട് നീതികേടുണ്ടായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ജലന്ദര്‍മിഷന്‍ രൂപതയില്‍ അനുഭവിച്ച പീഡനങ്ങള്‍ തുറന്നു പറഞ്ഞ് ഒരു കന്യാസ്ത്രീ രംഗത്ത് വന്നതോടെയാണ് കത്തോലിക്ക സഭയ്ക്കുള്ളില്‍ നടക്കുന്ന കാര്യങ്ങള്‍ പൊതു സമൂഹം അറിഞ്ഞ് തുടങ്ങിയത്.

ഫ്രാങ്കോ മുളക്കല്‍ പ്രതിയായ ബലാത്സംഗകേസിന്റെ തുടര്‍നടപടിക്ക് സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ അനുവദിച്ചിരിക്കുകയാണ് ഇപ്പോള്‍ സര്‍ക്കാര്‍.

ഇതേതുടര്‍ന്നാണ് ഫ്രാങ്കോ മുളക്കലിന്റെ ക്രൂരതകള്‍ക്ക് ഇരയായ സിസ്റ്റര്‍ റാണിറ്റ് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

ബലാത്സംഗം, പ്രകൃതിവിരുദ്ധ പീഡനം, അന്യായമായി തടവില്‍ വയ്ക്കല്‍, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗീകമായി പീഡിപ്പിക്കല്‍ ഉള്‍പ്പടെ ആറു വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരുന്ന കുറ്റം. കേസില്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരി ഉള്‍പ്പെടെ 83 സാക്ഷികളാണ് ഉണ്ടായിരുന്നത്.

വര്‍ഷങ്ങളോളം തന്നെ ബലാത്സംഗത്തിന് ഇരയാക്കി എന്ന് ആരോപിച്ചാണ് ജലന്ദര്‍മിഷന്‍ ബിഷപ്പിനെതിരേ കന്യാസ്ത്രി രംഗത്തെത്തിയത്. ബിഷപ്പിനെതിരെ നടപടി വൈകിയതിനെ തുടര്‍ന്ന് ഒരു കൂട്ടം കന്യാസ്ത്രിമാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഫ്രാങ്കോ മുളക്കലിനെതിരെ നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു. 2022 ജനുവരി 14 നായിരുന്നു ഫ്രാങ്കോമുളക്കല്‍ പ്രതിയായ ബലാത്സംഗ കേസിന്റെ വിധി വന്നത് . എന്നാല്‍ വിധിയില്‍ ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി. ബിഷപ്പ് നിരപരാധിയാണെന്ന് തെളിയിക്കുന്നതിനായി അന്ന് പ്രതിഭാഗം കണ്ടെത്തിയ കാരണങ്ങള്‍ നിരവധിയായിരുന്നു.

ഫ്രാങ്കോ മുളക്കലിനെതിരെ കന്യാസ്ത്രീ നല്‍കിയ വിവിധ മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണക്കോടതി ബിഷപ്പ് ഫ്രാങ്കോയെ വെറുതെവിട്ടത്. ബലപ്രയോഗം നടത്തിയെന്ന് ആദ്യ മൊഴിയില്‍ ഇല്ല. പിന്നീട് പരിശോധിച്ച ഡോക്ടറോടും ഇക്കാര്യം പറഞ്ഞിട്ടില്ല. ഉദ്യോഗസ്ഥരെ വിശ്വാസമില്ലാത്തതിനാലെന്ന വിശദീകരണം മുഖവിലയ്ക്ക് എടുക്കാനാകില്ലെന്നും കോടതി അന്നത്തെ വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടുകയായിരുന്നു.

21 പോയിന്റുകള്‍ അക്കമിട്ടു നിരത്തിയാണ് കന്യാസ്ത്രീയുടെ മൊഴിയിലെ പൊരുത്തക്കേടുകള്‍ വിധിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഇരയുടെ മൊഴി മാത്രം കണക്കിലെടുക്കാന്‍ കഴിയില്ലെന്നും വിധിന്യായത്തില്‍ പറയുന്നു. ഇരയുടെ മൊഴിക്കു പുറമേ കേസ് തെളിയിക്കുന്നതിനു ശക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ല. പ്രതിഭാഗം സമര്‍പ്പിച്ച രേഖകള്‍ കേസ് സംബന്ധിച്ചു സംശയം ജനിപ്പിക്കുന്നുവെന്നും കോടതി നിരീക്ഷിക്കുകയുണ്ടായി.

കുറവിലങ്ങാട് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ ആദ്യ മൊഴിയില്‍ 13 തവണ ലൈംഗികപീഡനം നടന്നു എന്നു വ്യക്തമാക്കിയിട്ടില്ലെന്നും . മെഡിക്കല്‍ പരിശോധനയ്ക്കു ശേഷമാണ് ഇക്കാര്യം പറഞ്ഞതെന്നും, ബിഷപ്പുമാര്‍ക്ക് അടക്കം ആദ്യം നല്‍കിയ പരാതിയില്‍ ശാരീരിക പീഡനം നടന്നതായി ആരോപിച്ചിട്ടില്ല. അശ്ലീലച്ചുവയുള്ള സന്ദേശങ്ങള്‍ അയയ്ക്കുന്നു എന്നു മാത്രമാണു വ്യക്തമാക്കിയതെന്നും. എന്നാല്‍ ശാരീരിക പീഡനം നടന്നെന്നു മൊഴി നല്‍കിയ തീയതികള്‍ക്കു ശേഷമാണ് ഈ പരാതികള്‍ നല്‍കിയിരിക്കുന്നതെന്നും കണ്ടെത്തുകയായിരുന്നു.

കൂടാതെ കന്യാസ്ത്രിയുടെ മൊഴിയെ സാധൂകരിക്കുന്ന ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളും ശേഖരിക്കുന്നതില്‍ അന്വേഷണസംഘത്തിന് വീഴ്ച പറ്റിയിരുന്നു. അത് ഫ്രാങ്കോമുളക്കലിനെ കുറ്റ വിമുക്തനാക്കുന്നതിന് സഹായകമായിരുന്നു. കന്യാസ്ത്രീയുടെ മൊഴിയെ മാത്രം ആശ്രയിച്ചാണ് പൊലീസ് മുന്നോട്ടു പോയത്. 13 തവണയും പീഡനം നടന്നത് കോണ്‍വെന്റിലെ 20ാം നമ്പര്‍ മുറിയില്‍ വെച്ചാണെന്നാണ് കന്യാസ്ത്രീ പറയുന്നുണ്ട്. ബിഷപ്പുമായി ഇവിടെ വെച്ച് മല്‍പ്പിടുത്തമുണ്ടായി എന്നും പറയുന്നു. ഇത് ആരും കേട്ടില്ല എന്നും പറയുന്നു.മാത്രവുമല്ല ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കുന്നതിലും പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു

പ്രോസിക്യൂഷന്‍ ഹാജരാക്കിയ ഡിജിറ്റല്‍ തെളിവുകള്‍ വിശ്വാസ്യയോഗ്യമല്ലെന്ന് കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മുറിക്ക് വെന്റിലേഷനുണ്ട്. തൊട്ടടുത്ത് ഓള്‍ഡ് ഏജ് ഹോമുമുണ്ട്. കോണ്‍വെന്റിലെ തൊട്ടടുത്ത മുറികളില്‍ ആളില്ലായിരുന്നു എന്ന് പ്രോസിക്യൂഷന് സ്ഥാപിക്കാനായില്ല എന്നും കോടതി വ്യക്തമാക്കി. കന്യാസ്ത്രീയുടെ മൊഴിയില്‍ നിന്നും വിരുദ്ധമായ മൊഴിയാണ് മഠത്തില്‍ താമസിച്ചിരുന്ന മറ്റൊരു സാക്ഷി നല്‍കിയത്. ഇതോടെ കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെടുകയായിരുന്നു.

കന്യാസ്ത്രിയുടെ മൊബൈലും ടാപ്‌ടോപ്പും കേസില്‍ പ്രധാനപ്പെട്ട തെളിവുകളാണ്. ബിഷപ്പ് പലതവണ രാത്രി കന്യാസ്ത്രീയ്ക്ക് മെസ്സേജ് അയച്ചതായി പറയുന്നുണ്ട്. ആ മെസ്സേജ് വന്ന ഫോണ്‍ പിടിച്ചെടുത്ത് പ്രധാനപ്പെട്ട തെളിവായി ഹാജരാക്കുന്നതില്‍ അന്വേഷണസംഘം പരാജയപ്പെടുകയും ചെയ്തിരുന്നു. ബിഷപ്പിന്റെ ശല്യം സഹിക്കവയ്യാതായതോടെ മൊബൈല്‍ഫോണും സിം കാര്‍ഡും വീട്ടിലേക്ക് അയച്ചുകൊടുത്തെന്നും, പിന്നീട് വീട്ടുകാര്‍ ഇത് ആക്രിക്കാര്‍ക്ക് വിറ്റുവെന്നുമാണ് കന്യാസ്ത്രീ മൊഴിയില്‍പറഞ്ഞത്.

മാത്രവുമല്ല ഫോണില്‍ വന്ന സന്ദേശങ്ങള്‍ ലാപ്‌ടോപ്പിലേക്ക് മാറ്റിയിരുന്നതായി പറയപ്പെടുന്നു. ആ ലാപ്‌ടോപ്പ് പിടിച്ചെടുക്കുന്നതിനോ, ഡിജിറ്റല്‍ തെളിവുകള്‍ പ്രധാനതെളിവായി ഹാജരാക്കാനോ സാധിച്ചില്ല. ലാപ്‌ടോപ്പ് കേടായിപ്പോയി എന്ന് പിന്നീട് പറയുന്നു. ഡിജിറ്റല്‍ തെളിവുകള്‍ നഷ്ടമായത് ചെറിയ കാര്യമായി കാണാനാവില്ല. കൂടാതെ മെഡിക്കല്‍ റിപ്പോര്‍ട്ടിലും തിരുത്തലുകള്‍ സംഭവിച്ചതായി അന്ന് കണ്ടെത്തിയിരുന്നു.

ബലാത്സംഗം ചെയ്തു എന്നു പറയപ്പെടുന്നതിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ കന്യാസ്ത്രീ ബിഷപ്പിന് ഇ മെയില്‍ സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്. വളരെ സൗഹൃദപരമായിട്ടുള്ളതാണ് അത്. ബിഷപ്പിന്റെ ആരോഗ്യം എങ്ങനെയുണ്ടെന്ന് കത്തില്‍ ചോദിക്കുന്നുണ്ട്. ഇതിന്റെ പകര്‍പ്പുകള്‍ പ്രതിഭാഗം അത് കോടതിയില്‍ ഹാജരാക്കിയിരുന്നു. സംഭവത്തിന് ശേഷം തന്റെയൊരു ലേഖനം കന്യാസ്ത്രീ ബിഷപ്പിനെക്കൊണ്ട് തിരുത്തിച്ചിട്ടുമുണ്ട്.

ഈ മെയിലുകള്‍ പരിശോധിച്ചതില്‍ നിന്നും വ്യക്തമാകുന്നത്, സംഭവം നടന്നത് 2014 മുതല്‍ ആണെങ്കിലും 2016 മാര്‍ച്ച് വരെ ഇരുവരും നല്ല സൗഹാര്‍ദത്തിലായിരുന്നു എന്ന് വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ബലാത്സംഗം ചെയ്യപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ ബിഷപ്പും കന്യാസ്ത്രീയും പല ചടങ്ങുകളിലും പങ്കെടുത്തിട്ടുണ്ട്. അതില്‍ ഇരുവരും വളരെ സൗഹാര്‍ദപരമായി ഇടപെടുന്നതായി വീഡിയോയും ചിത്രങ്ങളും സാക്ഷ്യപ്പെടുത്തുന്നു. ബലാത്സംഗത്തിന് ഇരയായതിന്റെ ട്രോമയിലാണെങ്കില്‍ എങ്ങനെ ബിഷപ്പിനോട് സൗഹാര്‍ദ്ദത്തോടെ ഇടപെടാനാകുമെന്നുമാണ് ആ സമയത്ത് കോടതി ചോദിച്ചത്.

അതുകൊണ്ടു തന്നെ കന്യാസ്ത്രീയുടെ മൊഴിയും പ്രോസിക്യൂഷന്റെ ആരോപണവും പൂര്‍ണ വിശ്വാസയോഗ്യമല്ലെന്ന് കോടതി വിലയിരുത്തുകയായിരുന്നു. കന്യാസ്ത്രീയുടെ ബന്ധു നല്‍കിയ പരാതിയും കോടതി പരിഗണനയില്‍ എടുത്തു. പരാതി നല്‍കുന്നതില്‍ വന്ന കാലതാമസം വിശദീകരിക്കാന്‍ പരാതിക്കാരിക്കു വ്യക്തമായി സാധിച്ചില്ലെന്നും കണ്ടെത്തലുണ്ടായിരുന്നു.

2022 ജനുവരിയില്‍ വിധി വന്നതിന് ശേഷം ഫ്രാങ്കോമുളക്കലിനെ വെറുതെ വിട്ടതിനെതിരെ കന്യാസ്ത്രീകള്‍ രംഗത്തെത്തിയിരുന്നു. വിധിക്കെതിരെ കന്യാസ്ത്രീകള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയും ചെയ്തിരുന്നു. അപ്പീല്‍ നല്‍കിയതിനു പിന്നാലെ ഹൈക്കോടതി ബിഷപ്പിന് നോട്ടീസ് അയക്കുകയും ചെയ്തു തുടര്‍ന്നുള്ള സംഭവ വികാസങ്ങളില്‍ ജലന്ദര്‍മിഷന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രാജിവച്ചു. ഫ്രാങ്കോ മുളയ്ക്കലിന്റെ രാജിക്കത്ത് വത്തിക്കാന്‍ സ്വീകരിച്ചു. അച്ചടക്ക നടപടിയല്ലെന്ന് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി വ്യക്തമാക്കുകയും ചെയ്തു. ഫ്രാങ്കോമുളക്കലിനെതിരായ പോരാട്ടങ്ങളില്‍ ഉറച്ചു തന്നെ കന്യാസ്ത്രീകള്‍ നിലപാടുമായി മുന്നോട്ട് പോയി.

വിധി വന്ന് നാല് വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ സിസ്റ്റര്‍ റാണിറ്റ് പൊതു സമൂഹത്തിന് മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. സര്‍ക്കാര്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചതിലുള്ള നന്ദി അറിയിച്ചു കൊണ്ടാണ് സിസ്റ്റര്‍ റാണിറ്റ് തന്റെ മുഖം മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാട്ടിയത്. ഇനി സ്വന്തം മുഖത്തോടെ പോരാടാമെന്ന് ഉറച്ച തീരുമാനത്തിന് പിന്നില്‍ സര്‍ക്കാര്‍ നടിയെ ആക്രമിച്ച കേസില്‍ ്അതിജീവിതയ്ക്കൊപ്പം ഉറച്ചു നിന്ന തീരുമാനമാനമാണെന്ന് പറയാനും സിസ്റ്റര്‍ റാണിറ്റ് മടിച്ചില്ല. മാത്രവുമല്ല സഭയ്ക്കെതിരെ പോരാട്ടം തുടങ്ങിയപ്പോള്‍ ഒറ്റപ്പെട്ടു പോയ കന്യാസ്ത്രീകള്‍ക്ക് സര്‍ക്കാര്‍ സിവില്‍ സപ്ലൈസ് വകുപ്പ് റേഷന്‍ കാര്‍ഡ് അനുവദിക്കുകയും ചെയ്തിരുന്നു.

സര്‍ക്കാര്‍ അതിജീവിതകള്‍ക്കൊപ്പം ശക്തമായി നില്‍ക്കുന്നതും പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചതും കത്തോലിക്കസഭയുടെ എതിര്‍പ്പ് സര്‍ക്കാരിന് നേരെ തിരിയാനുള്ള എല്ലാ സാധ്യതകളും ഉണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ സഭയുടെ എതിര്‍പ്പോ മറ്റ് പ്രമുഖരുടെ എതിര്‍പ്പോ ഒന്നും പീഡനത്തിന് ഇരയകുന്നുവര്‍ക്കൊപ്പം നില്‍ക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ മുഖവിലക്കെടുക്കാറില്ല.
എന്നും അതിജീവിതകള്‍ക്കൊപ്പം നില്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ നിയോഗിച്ച പുതിയ പബ്ലിക് പ്രോസിക്യൂട്ടര്‍ മുന്‍ നിയമസെക്രട്ടറി അഡ്വ. ബി.ജി.ഹരീന്ദ്രനാഥിലൂടെ വര്‍ഷങ്ങളായി ചൂഷണം അനുഭവിക്കുന്ന അതിജീവിതകളായ കന്യാസ്ത്രീകള്‍ക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer