പത്തനംത്തിട്ട: തിരുവല്ല-കായംകുളം സംസ്ഥാന പാതയിലെ പുളിക്കീഴിൽ ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരിച്ചു. കോട്ടയം കുറിച്ചി സ്വദേശി സന്ദീപ് (30) ആണ് മരിച്ചത്. അപകടത്തിൽ 24 യാത്രക്കാർക്ക് പരുക്കേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു സംഭവം.
അപകടത്തിൽ ലോറിയുടെ കാബിനിൽ കുടുങ്ങിയ സന്ദീപിനെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് കാബിൻ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ഉടൻ പുഷ്പഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരുക്കേറ്റ മൂന്ന് പേരെ തിരുവല്ല താലൂക്ക് ആശുപത്രിയിലും 21 പേരെ പുഷ്പഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.
അപകടത്തെ തുടർന്ന് സംസ്ഥാന പാതയിൽ കുറച്ചുസമയം ഗതാഗത തടസ്സവും അനുഭവപ്പെട്ടു.






