തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദത്തിന്റെ സ്വാധീനമാണ് മഴ സാധ്യത വർധിപ്പിക്കുന്നത്.
നിലവിൽ തെക്കൻ കേരളത്തിൽ കാര്യമായ മഴയില്ലാത്ത സാഹചര്യമാണ് തുടരുന്നത്. എന്നാൽ വരും ദിവസങ്ങളിൽ മഴ മെച്ചപ്പെടുമെന്നും ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബുധൻ, വ്യാഴം ദിവസങ്ങളിൽ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
എൽനിനോ പ്രതിഭാസത്തിന്റെ സ്വാധീനത്തെ തുടർന്ന് സംസ്ഥാനത്ത് മഴക്കുറവ് രൂക്ഷമായിരുന്നു. ജൂൺ, ജൂലൈ മാസങ്ങളിൽ ലഭിക്കേണ്ട മഴയുടെ പകുതി പോലും പല ജില്ലകളിലും ലഭിച്ചിട്ടില്ലെന്നാണ് വിലയിരുത്തൽ. ഇതോടെ അന്തരീക്ഷ താപനില ഉയർന്ന നിലയിൽ തുടരുകയും വൈദ്യുതി ഉപഭോഗം വർധിക്കുകയും ചെയ്തു.
ഉയർന്ന വൈദ്യുതി ഉപയോഗത്തെ തുടർന്ന് സംസ്ഥാനത്ത് പല ദിവസങ്ങളിലും വൈദ്യുതി നിയന്ത്രണം തുടരുകയാണെന്ന് സർക്കാർ അറിയിച്ചു. സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണെന്ന് സര്‍ക്കാര്‍ പറയുന്നു. മിക്ക ദിവസങ്ങളിലും സംസ്ഥാനത്ത് പവര്‍കട്ട് തുടരുകയാണ്.




