കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റി സംഘടനയ്ക്കുള്ളില്‍ ചര്‍ച്ചകള്‍ സജീവമാകുന്നു. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‍ലിയാരുടെ നിര്യാണത്തെ തുടര്‍ന്നാണ് പുതിയ ജനറല്‍ സെക്രട്ടറിയെ കണ്ടെത്താനുള്ള നീക്കങ്ങള്‍ ശക്തമായത്.
ലീഗ് അനുകൂല വിഭാഗവും ലീഗ് വിരുദ്ധ വിഭാഗവും സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് സജീവമായ ചരടുവലികളിലാണ്. പാണക്കാട് കുടുംബത്തിന്റെ പിന്തുണയുള്ള എം.ടി. അബ്ദുള്ള മുസ്‍ലിയാരുടെയും കൊയ്യോട് ഉമര്‍ മുസ്‍ലിയാരുടെയും പേരുകളാണ് ലീഗ് അനുകൂല വിഭാഗം മുന്നോട്ടുവയ്ക്കുന്നത്. അതേസമയം, ലീഗ് വിരുദ്ധ ചേരിയില്‍ മൂസക്കുട്ടി ഹസ്‌റത്തും ഉമര്‍ ഫൈസി മുക്കവും പരിഗണനയിലുള്ളവരായാണ് വിലയിരുത്തപ്പെടുന്നത്.
സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളാണ് അന്തിമ തീരുമാനം പ്രഖ്യാപിക്കുക. അടുത്ത മാസം ചേരുന്ന കേന്ദ്ര മുശാവറ യോഗത്തിലാകും പുതിയ ജനറല്‍ സെക്രട്ടറിയെ സംബന്ധിച്ച ഔദ്യോഗിക തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.
വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലായിരുന്നു സമസ്ത ജനറല്‍ സെക്രട്ടറിയായിരുന്ന പ്രൊഫ. കെ. ആലിക്കുട്ടി മുസ്‍ലിയാരുടെ അന്ത്യം. 81 വയസ്സായിരുന്നു.




