ന്യൂഡൽഹി: വിദ്യാർഥികളുടെ പ്രതിഷേധത്തിനിടെ ഉണ്ടായ പൊലീസ് നടപടിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് വിശദീകരണം തേടി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സമരം ചെയ്ത വിദ്യാർഥികൾക്കെതിരെ പെല്ലറ്റ് തോക്ക് ഉൾപ്പെടെയുള്ള ബലപ്രയോഗം നടത്താൻ ആരാണ് ഉത്തരവിട്ടതെന്ന് വ്യക്തമാക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടു.
ഇക്കാര്യം ഉന്നയിച്ച് അമിത് ഷായ്ക്ക് അയച്ച കത്ത് രാഹുൽ ഗാന്ധി പുറത്തുവിട്ടു. ഡൽഹിയിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിദ്യാർഥികളുടെ പ്രശ്നങ്ങൾ കേൾക്കുന്നതിന് പകരം സുരക്ഷാ സേന മാരകായുധങ്ങളും കണ്ണീർവാതകവും ഉപയോഗിച്ച് ബലപ്രയോഗം നടത്തിയെന്നാണ് രാഹുലിന്റെ ആരോപണം. നിരവധി പേർക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു.
പെല്ലറ്റ് തോക്കുകളുടെ ഉപയോഗം ഏറെ ആശങ്കാജനകമാണെന്നും മാധ്യമപ്രവർത്തകർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റെന്നും രാഹുൽ വ്യക്തമാക്കി. പെല്ലറ്റ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ 19 വയസ്സുകാരനായ സാഹിൽ ലോചാബിനെ കണ്ടതായും അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ വിന്യസിച്ചിരിക്കുന്ന സുരക്ഷാ സേനയുടെ ഉത്തരവാദിത്തം ആഭ്യന്തര മന്ത്രിക്കാണെന്നും വിദ്യാർഥികൾക്കെതിരെ ഇത്തരം ബലപ്രയോഗത്തിന് അനുമതി നൽകിയിരുന്നോ എന്ന് വ്യക്തമാക്കണമെന്നും രാഹുൽ കത്തിൽ ആവശ്യപ്പെട്ടു. കൂടാതെ, സിവിൽ വേഷത്തിൽ വിദ്യാർഥികളെ മർദിച്ചവർ പൊലീസ് ഉദ്യോഗസ്ഥരാണോ അതോ മറ്റാരെങ്കിലുമാണോ എന്നും അവരെ വിന്യസിക്കാൻ അനുമതി നൽകിയത് ആരാണെന്നും രാഹുൽ ചോദിച്ചു.




