ജിബൂത്തി: യെമന്റെ തീരത്ത് പാചകവാതകം നിറച്ച കപ്പലിൽ സ്ഫോടനവും. കപ്പലിൽ ഉണ്ടായിരുന്ന ഇന്ത്യക്കാരായ 23 പേരുൾപ്പെടെ 24 ജീവനക്കാരെ രക്ഷപ്പെടുത്തി. യെമന്റെ ഏഡൻ തുറമുഖത്തുനിന്ന് ജിബൂത്തിയിലേക്കു പാചകവാതകവുമായി പോയ കാമറൂണിന്റെ ഉടമസ്ഥതയിലുള്ള എംവി ഫാൽക്കൺ കപ്പലിലാണ് സ്ഫോടനവും തീപിടിത്തവും ഉണ്ടായത്. ജീവനക്കാരിൽ ഒരാൾ യുക്രെയ്ൻകാരനാണ്. 26 ജീവനക്കാരാണ് ആകെ ഉണ്ടായിരുന്നത്. ഇതിൽ കാണാനില്ല.
ഇന്ത്യൻ സമയം ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം. ആ സമയം കപ്പൽ ഏഡൻ തുറമുഖത്തുനിന്ന് 113 നോട്ടിക്കൽ മൈൽ അകലെയായിരുന്നു. കപ്പലിന്റെ 15 ശതമാനത്തോളം ഭാഗത്ത് തീ പടർന്നിരുന്നു. ഒമാനിലെ സോഹർ തുറമുഖത്തു നിന്നാണ് കപ്പൽ പുറപ്പെട്ടത്. തീയണയ്ക്കാൻ ആദ്യം നടത്തിയ ശ്രമങ്ങൾ വിജയിക്കാത്തതിനെ തുടർന്ന് കപ്പൽ ഉപേക്ഷിക്കാനായിരുന്നു ആദ്യ തീരുമാനം. പിന്നീട് രക്ഷാപ്രവർത്തകരെത്തി തീ നിയന്ത്രണവിധേയമാക്കി ജീബൂത്തിയിലെത്തിച്ചു.
യെമനിലെ ഹൂതി വിമതരിൽ നിന്ന് ശക്തമായ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് ജിബൂത്തിയിലേക്കുള്ള കപ്പലിൽ സ്ഫോടനവും തീപിടിത്തവും ഉണ്ടായിരിക്കുന്നത്. ചെങ്കടലിലൂടെ കടന്നുപോകുന്ന വാണിജ്യ കപ്പലുകൾക്കു നേർക്ക് ഹൂതി വിമതരുടെ ആക്രമണം പതിവാണ്. അതേസമയം, സംഭവത്തിൽ പങ്കില്ലെന്ന് ഹൂതികൾ അറിയിച്ചതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.



