കുവൈത്ത് സിറ്റി: മയക്കുമരുന്ന് കടത്ത് തടയുന്നതിന്റെ ഭാഗമായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനയിൽ രണ്ട് യാത്രക്കാർ പിടിയിലായി. വിദേശത്തുനിന്ന് മയക്കുമരുന്നുമായി എത്തിയവരാണ് പിടിയിലായത്.
ടെർമിനൽ 4 വഴി എത്യോപ്യയിലെ അഡിസ് അബാബയിൽ നിന്ന് എത്തിയ ബെനിൻ സ്വദേശിനിയായ യുവതിയുടെ ലഗേജിൽ നിന്നാണ് വൻതോതിൽ കഞ്ചാവ് പിടികൂടിയത്. സംശയാസ്പദമായ സാഹചര്യത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. വിൽപ്പനയ്ക്കായി പാക്കറ്റുകളിലാക്കിയ 564 ചെറിയ പാക്കറ്റുകളിലായി 1.763 കിലോഗ്രാം കഞ്ചാവാണ് യുവതിയുടെ കൈവശമുണ്ടായിരുന്നത്. യുവതി കുവൈത്തിൽ ഗാർഹിക തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു.
മറ്റൊരു സംഭവത്തിൽ ടെർമിനൽ 5-ൽ നടത്തിയ പരിശോധനയിലാണ് ഇന്ത്യൻ പൗരനായ യാത്രക്കാരൻ പിടിയിലായത്. ഇയാളുടെ കൈവശം രണ്ട് ഗ്രാം ഹെറോയിൻ അടങ്ങിയ ഏഴ് ചെറിയ കവറുകളും എട്ട് ഗ്രാം കഞ്ചാവും കണ്ടെത്തി.
പിടിച്ചെടുത്ത മയക്കുമരുന്ന് ഉൾപ്പെടെ രണ്ട് പ്രതികളെയും തുടർനടപടികൾക്കായി ബന്ധപ്പെട്ട സുരക്ഷാ വിഭാഗത്തിന് കൈമാറി.




