പത്തനംതിട്ട: സിപിഎം ഭരിക്കുന്ന അടൂർ സഹകരണ ബാങ്കിൽ വൻ ക്രമക്കേടുകൾ ഉണ്ടായതായി ബാങ്ക് പ്രസിഡന്റ് പൊൻതാമര പിള്ള. മുൻ എംഎൽഎയും സിപിഎം നേതാവുമായ ആർ. ഉണ്ണികൃഷ്ണപിള്ളയുടെ ഭാര്യയാണ് പൊൻതാമര പിള്ള. ബാങ്കിൽ ഏകദേശം 75 ലക്ഷം രൂപയുടെ ക്രമക്കേടുകൾ കണ്ടെത്തിയതായി അവർ വ്യക്തമാക്കി. അഴിമതിക്ക് കൂട്ടുനിൽക്കാൻ തയ്യാറാകാത്തതിനാലാണ് തനിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നതെന്നും അവർ പറഞ്ഞു. സിപിഎം നേതാക്കളായ ബോർഡ് അംഗങ്ങളാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചതെന്നും ആരോപിച്ചു.
പ്രാദേശിക സിപിഎം നേതാക്കളിൽ നിന്നാണ് തനിക്ക് ഉപദ്രവമുണ്ടാകുന്നതെന്നും ജീവനക്കാരും സഹകരിക്കുന്നില്ലെന്നും പൊൻതാമര പിള്ള പറഞ്ഞു. അഴിമതിയിൽ പങ്കാളിയാകാൻ കഴിയില്ലാത്തതിനാലാണ് രാജിവയ്ക്കാൻ തീരുമാനിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. മഹിളാ അസോസിയേഷൻ നേതാവായ പൊൻതാമര പിള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. ഭർത്താവായ ആർ. ഉണ്ണികൃഷ്ണപിള്ളയാണ് തന്നെ വാർത്താ സമ്മേളനത്തിന് എത്തിച്ചതെന്നും അവർ വ്യക്തമാക്കി.






