തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലെ സുപ്രധാന തസ്തികകളിലേക്കുള്ള പി.എസ്.സി പരീക്ഷയിൽ കണ്ടെത്തിയ ക്രമക്കേടിനെ തുടർന്ന് പുനർമൂല്യനിർണയത്തിനും ആഭ്യന്തര വിജിലൻസ് അന്വേഷണത്തിനും പി.എസ്.സി തീരുമാനിച്ചു. വിജിലൻസ് എസ്.പിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക. പി.എസ്.സി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
ഒന്നേകാൽ ലക്ഷം രൂപ അടിസ്ഥാന ശമ്പളമുള്ള ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം ചീഫ്, പേഴ്സ്പെക്ടീവ് പ്ലാനിങ് ഡിവിഷൻ ചീഫ്, പ്ലാനിങ് കോ-ഓർഡിനേഷൻ ഡിവിഷൻ ചീഫ് എന്നീ തസ്തികകളിലേക്കുള്ള പൊതുപ്രാഥമിക പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കുന്നതിനിടെയാണ് ഗുരുതര വീഴ്ച ഉണ്ടായത്. പരീക്ഷയിലെ പത്ത് ചോദ്യങ്ങൾക്ക് മാർക്ക് നൽകാതെയാണ് ഫലം പ്രസിദ്ധീകരിച്ചതെന്ന് കണ്ടെത്തി.
ഇൻഡസ്ട്രീസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ചീഫ് തസ്തികയിൽ ഒന്നാം റാങ്ക് നേടിയ അരുണ്‍ ജെ. പ്രതാപിനെ കഴിഞ്ഞ വർഷം നിയമിച്ചിരുന്നു. മാർക്കിൽ സംശയം തോന്നിയ മൂന്നാം റാങ്കുകാരനായ കെ. ശ്യാം കൃഷ്ണൻ ഉത്തരക്കടലാസ് പരിശോധിക്കാൻ പി.എസ്.സിയെ സമീപിച്ചതോടെയാണ് ക്രമക്കേട് പുറത്തുവന്നത്. ഓൺ-സ്ക്രീൻ മാർക്കിംഗിൽ 9 മുതൽ 18 വരെയുള്ള ചോദ്യങ്ങൾക്ക് മാർക്ക് രേഖപ്പെടുത്തിയിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് അദ്ദേഹം പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പി.എസ്.സി നടത്തിയ പ്രാഥമിക പരിശോധനയിൽ പരീക്ഷ എഴുതിയ 228 പേരുടെയും ഉത്തരക്കടലാസുകളിൽ ഈ പത്ത് ചോദ്യങ്ങൾ മൂല്യനിർണയം ചെയ്തിട്ടില്ലെന്ന് വ്യക്തമായി. 2023 ജൂലൈ 13ന് നടന്ന പരീക്ഷയിൽ 228 പേരാണ് പങ്കെടുത്തത്. എന്നാൽ 2025 മെയ് 31നാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്.
സംഭവം വിവാദമായതോടെ മുഴുവൻ ഉത്തരക്കടലാസുകളും പുനർമൂല്യനിർണയം ചെയ്യാനും, വീഴ്ചയ്ക്ക് പിന്നിലെ സാഹചര്യം കണ്ടെത്താൻ ആഭ്യന്തര വിജിലൻസ് അന്വേഷണം നടത്താനും പി.എസ്.സി തീരുമാനിച്ചു.






