കണ്ണൂർ: പരിമിതികളെ നിശ്ചയദാർഢ്യം കൊണ്ട് മറികടന്ന് നീതിന്യായ ചരിത്രത്തിൽ പുതിയ അധ്യായം കുറിക്കുകയാണ് ഇരുപത്തിനാലുകാരിയായ സി. തന്യനാഥൻ. കേരള ജുഡീഷ്യൽ സർവീസിൽ സിവിൽ ജഡ്ജി (ജൂനിയർ ഡിവിഷൻ) നിയമനത്തിനായുള്ള പരീക്ഷയിൽ ഭിന്നശേഷി വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയാണ് തന്യ ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്.
ഇതോടെ കേരളത്തിൽ കാഴ്ചപരിമിതിയുള്ള ആദ്യത്തെ ന്യായാധിപയാകാൻ ഒരുങ്ങുകയാണ് ഈ മിടുക്കി.കാഴ്ച പരിമിതിയുള്ളവർക്കും ജുഡീഷ്യൽ സർവീസിൽ അവസരം നൽകണമെന്ന സുപ്രീം കോടതിയുടെ ചരിത്രപരമായ വിധിക്ക് പിന്നാലെയാണ് തന്യയുടെ ഈ വിജയം എന്നത് ശ്രദ്ധേയമാണ്. ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിവേചനം പാടില്ലെന്ന് ഉത്തരവിട്ടത്.










