കുമരകം: മലയാളി ദമ്പതികൾ യുഎസിലെ വീട്ടിൽ മരിച്ചനിലയിൽ. വാക്കയിൽ പരേതനായ വി.ടി.ചാണ്ടിയുടെ മകൻ സി.ജി.പ്രസാദ് (76), ഭാര്യ പെണ്ണുക്കര പന്തപാത്രയിൽ ആനി പ്രസാദ് (73) എന്നിവരെയാണ് പെൻസിൽവേനിയ ഹാരിസ്ബർഗിലെ വീട്ടിൽ കഴിഞ്ഞ 27നു മരിച്ചനിലയിൽ കണ്ടെത്തിയത്. ഇരുവരും മാത്രമാണു വീട്ടിലുണ്ടായിരുന്നത്.
യുഎസിലുള്ള ആനിയുടെ സഹോദരി സിസി ഇവരുമായി ദിവസവും ഫോണിൽ ബന്ധപ്പെടാറുണ്ടായിരുന്നു. എന്നാൽ 27നു തുടർച്ചയായി ഫോണിൽ വിളിച്ചിട്ടും എടുക്കാതെ വന്നതിനെത്തുടർന്ന് ആനിയുടെ മക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നു പൊലീസിൽ അറിയിച്ചു. അവരെത്തി പരിശോധിച്ചപ്പോഴാണു മരിച്ചനിലയിൽ കണ്ടത്. ശീതീകരണ സംവിധാനത്തിലെ തകരാർ മൂലം വാതകച്ചോർച്ചയുണ്ടായി മരണം സംഭവിച്ചെന്നാണു സൂചന.




