കോഴിക്കോട്: ഉസ്താദിന്റെ വേഷത്തിൽ പള്ളിയിൽ കയറി പണം മോഷ്ടിച്ച ആളെ അമ്പലവയൽ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ബേപ്പൂർ അരക്കിനാട് കുപ്പിയിൽ ഷംസുദ്ദീൻ (41) ആണ് പിടിയിലായത്. മഞ്ഞപ്പാറ ജുമാമസ്ജിദിൽ നിന്ന് 1.60 ലക്ഷം രൂപ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ബുധനാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം നടന്നത്. അമ്പലവയൽ-വടുവൻചാൽ റോഡിലെ മഞ്ഞപ്പാറ ടൗണിലുള്ള പള്ളിയുടെ ഓഫീസ് മുറിയുടെ പൂട്ടു പൊളിച്ചാണ് പ്രതി അകത്ത് കയറിയത്. മേശവലിപ്പുകളിൽ സൂക്ഷിച്ചിരുന്ന പണമാണ് ഇയാൾ കവർന്നത്.
മോഷണത്തിന് ശേഷം മറ്റൊരു താഴ് ഉപയോഗിച്ച് മുറി പൂട്ടിയ പ്രതി താക്കോൽ സമീപത്ത് വെച്ച ശേഷം സ്ഥലത്ത് നിന്ന് കടന്നു. രാവിലെ പള്ളിയിൽ എത്തിയ സെക്രട്ടറി അലവിയാണ് മോഷണം നടന്ന വിവരം ആദ്യം അറിഞ്ഞത്. തുടർന്ന് പോലീസിനെ വിവരം അറിയിച്ചു. പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഉസ്താദിന്റെ വേഷത്തിൽ ഒരാൾ പള്ളിയിലേക്ക് കയറുന്നത് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഷംസുദ്ദീനെ പോലീസ് പിടികൂടിയത്.
അമ്പലവയൽ പോലീസ് ഇൻസ്പെക്ടർ ഫായിസ് അലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പള്ളികളിൽ മോഷണം നടത്തുന്നത് ഇയാളുടെ പതിവാണെന്നും മുമ്പും സമാന കേസുകളിൽ ഇയാൾ പിടിയിലായിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി.




