കോട്ടയം: സഹപാഠികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് മൊബൈൽ ഫോണിൽ സൂക്ഷിച്ച സംഭവത്തിൽ വിദ്യാർത്ഥി പിടിയിൽ. ഏറ്റുമാനൂർ മംഗളം കോളേജിലെ നാലാം വർഷ ബി.ടെക് വിദ്യാർത്ഥി അജ്മലിനെയാണ് ഏറ്റുമാനൂർ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
സഹപാഠികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ഫോണിൽ സൂക്ഷിച്ചിരുന്നതായാണ് പൊലീസ് കണ്ടെത്തിയത്. ചിത്രങ്ങൾ വിദ്യാർത്ഥികളുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. അജ്മലിന്റെ ഫോണിൽ ക്ലാസിലെ വിദ്യാർത്ഥികളുടെ ചിത്രങ്ങളാണ് കണ്ടെത്തിയത്. എന്നാൽ മോർഫ് ചെയ്ത ചിത്രങ്ങൾ മറ്റാർക്കും അയച്ചിട്ടില്ലെന്നും ഫോണിൽ തന്നെ സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്നും പൊലീസ് പരിശോധനയിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു.
ഏറ്റവും പുതിയ മോഡൽ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്ന അജ്മലിനെ പലരും ചിത്രങ്ങൾ എടുക്കുന്നതിനായി സമീപിക്കാറുണ്ടായിരുന്നുവെന്നാണ് വിദ്യാർത്ഥികൾ പൊലീസിന് നൽകിയ മൊഴി. കോളജ് ക്യാംപുകളിലും മറ്റ് പരിപാടികളിലും പങ്കെടുക്കുമ്പോൾ മറ്റ് കോളേജുകളിലെ വിദ്യാർത്ഥികളുടേതടക്കം നിരവധി ചിത്രങ്ങൾ ഇയാൾ പകർത്തിയിരുന്നതായും മൊഴിയുണ്ട്.
കഴിഞ്ഞ ദിവസമാണ് അജ്മലിന്റെ ലാപ്‌ടോപ്പ് പരിശോധിച്ചതിലൂടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്തതായി കണ്ടെത്തിയത്. തുടർന്ന് വിദ്യാർത്ഥികൾ വിവരം പരസ്പരം പങ്കുവെക്കുകയും മാതാപിതാക്കളെ അറിയിക്കുകയും ചെയ്തു. പിന്നാലെ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ കോളേജിലെത്തിയ പൊലീസ് അജ്മലിനെ ചോദ്യം ചെയ്യുകയും മൊബൈൽ ഫോണും ലാപ്‌ടോപ്പും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. നിലവിൽ ഐ.ടി. ആക്ട് പ്രകാരമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ ഏറ്റുമാനൂർ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.


