ഓട്ടവ : ആദ്യ കനേഡിയന്‍ ബഹിരാകാശ സഞ്ചാരി ജോസഫ് ജീന്‍-പിയറി മാര്‍ക്ക് ഗാര്‍ണ്യൂ അന്തരിച്ചു. 76 വയസ്സായിരുന്നു. കനേഡിയന്‍ സായുധ സേനാ ഉദ്യോഗസ്ഥനും, ബഹിരാകാശയാത്രികനും, രാഷ്ട്രീയക്കാരനുമായിരുന്ന അദ്ദേഹം മൂന്ന് ബഹിരാകാശ ദൗത്യങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ഭാര്യ പമേല സോമെ. മക്കള്‍ : സിമോണ്‍ ഗാര്‍ണ്യൂ, ജോര്‍ജ് ഗാര്‍ണ്യൂ, യെവ്‌സ് ഗാര്‍ണ്യൂ, അഡ്രിയന്‍ ഗാര്‍ണ്യൂ.
1983-ലെ ചഞഇ ഗ്രൂപ്പിന്റെ ഭാഗമായി ബഹിരാകാശയാത്രികനായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് ഗാര്‍ണ്യൂ നാവിക ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചിരുന്നു. 1984 ഒക്ടോബര്‍ 5-ന് അദ്ദേഹം ബഹിരാകാശത്തെത്തിയ ആദ്യത്തെ കനേഡിയന്‍ പൗരനായി. 2001 മുതല്‍ 2005 വരെ, ഗാര്‍ണ്യൂ കനേഡിയന്‍ ബഹിരാകാശ ഏജന്‍സിയുടെ (CSA) പ്രസിഡന്റായി ചുമതല വഹിച്ചു. പിന്നീട് ഗാര്‍ണ്യൂ രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയും 2008-ല്‍ ഹൗസ് ഓഫ് കോമണ്‍സിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 2008 മുതല്‍ 2023 വരെ മണ്‍ട്രിയോള്‍ ഏരിയ പാര്‍ലമെന്റ് അംഗമായി (എംപി) സേവനമനുഷ്ഠിച്ചു. ലിബറല്‍ പാര്‍ട്ടി അംഗമായ ഗാര്‍ണ്യൂ 2021 ജനുവരി മുതല്‍ ഒക്ടോബര്‍ വരെ വിദേശകാര്യ മന്ത്രിയായും 2015 മുതല്‍ 2021 വരെ ഗതാഗത മന്ത്രിയായും പ്രവര്‍ത്തിച്ചു.
1949 ഫെബ്രുവരി 23-ന് കെബെക്ക് സിറ്റിയില്‍ ജനിച്ച ജോസഫ് ജീന്‍-പിയറി മാര്‍ക്ക് ഗാര്‍ണ്യൂ 1970-ല്‍ കാനഡയിലെ റോയല്‍ മിലിട്ടറി കോളേജില്‍ നിന്ന് എഞ്ചിനീയറിങ് ഫിസിക്സില്‍ ബിരുദം നേടി. തുടര്‍ന്ന് ഇപ്പോള്‍ റോയല്‍ കനേഡിയന്‍ നേവി എന്നറിയപ്പെടുന്ന മാരിടൈംസ് കമാന്‍ഡില്‍ കോംബാറ്റ് സിസ്റ്റംസ് എഞ്ചിനീയറായി സേവനമനുഷ്ഠിച്ചു. 1973-ല്‍ ഇംപീരിയല്‍ കോളേജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിങില്‍ പിഎച്ച്ഡി നേടി. 1983-ല്‍ ഗാര്‍ണിയോ ഒരു ബഹിരാകാശയാത്രികനായി തിരഞ്ഞെടുക്കപ്പെട്ടു. 1984-ല്‍, എസ്ടിഎസ്-41-ജിയുടെ ഭാഗമായി ബഹിരാകാശത്തെത്തുന്ന ആദ്യത്തെ കനേഡിയന്‍ പൗരനായി ആയി അദ്ദേഹം മാറി. എസ്ടിഎസ്-77, എസ്ടിഎസ്-97 എന്നീ രണ്ടു തുടര്‍ ദൗത്യങ്ങളിലും അദ്ദേഹം പങ്കെടുത്തു. 2001 ഫെബ്രുവരിയില്‍ സിഎസ്എയുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി അദ്ദേഹം നിയമിതനായി, നവംബറില്‍ ഏജന്‍സിയുടെ പ്രസിഡന്റായി. 2005-ല്‍ മാര്‍ക്ക് ഗാര്‍ണ്യൂ സിഎസ്എയില്‍ നിന്ന് രാജിവച്ചു.



